ശശി തരൂര്‍ ബുദ്ധിജീവിയെന്ന് നടിച്ച് ലോക സുന്ദരിപ്പട്ടം രാഷ്ട്രീയവത്കരിക്കുന്നെന്ന്‌ ബിജെപി

ബെംഗളൂരു: ശശി തരൂര്‍ എംപിയുടെ വിവാദ ട്വീറ്റിനെതിരെ ബിജെപി നേതാവ് എസ് പ്രകാശ് രംഗത്ത്.

സ്വയം ബുദ്ധിജീവിയാണെന്ന് നടിക്കുന്ന ശശി തരൂര്‍ ലോകസുന്ദരിപ്പട്ടത്തെ പോലും രാഷ്ട്രീയവത്കരിക്കുകയാണെന്ന് എസ് പ്രകാശ് കുറ്റപ്പെടുത്തി.

എന്നാല്‍, ചര്‍ച്ചകള്‍ അവസാനിപ്പിച്ച് രാജ്യത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കുകയാണ് വേണ്ടതെന്നും, വിവാദ ട്വീറ്റ് പിന്‍വലിച്ച് ശശി തരൂര്‍ മാപ്പ് പറഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും, ഈ വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലോകസുന്ദരിപ്പട്ടം നേടിയതിനു പിന്നാലെയാണ് മാനുഷി ഛില്ലാറിനെ പരാമര്‍ശിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ പരിഹാസ രൂപേണ ശശി തരൂര്‍ എംപി ട്വീറ്റ് ചെയ്തത്.

‘നോട്ട് നിരോധിക്കാന്‍ മാത്രം എന്ത് തെറ്റാണ് നമ്മുടെ കറന്‍സിക്ക് ഉണ്ടായിരുന്നത്, ഇന്ത്യന്‍ രൂപയ്ക്ക് ആഗോള തലത്തില്‍ പ്രാധാന്യമുണ്ടെന്ന് ബിജെപി തിരിച്ചറിയണം, നമ്മുടെ ചില്ലറ പോലും ലോകസുന്ദരിയായിരിക്കുന്നു’ എന്നായിരുന്നു തരൂരിന്റെ വിവാദ ട്വീറ്റ്.

എന്നാല്‍ ട്വീറ്റ് വിവാദമായതോടെ ശശി തരൂര്‍ ക്ഷമാപണം നടത്തിയിരുന്നു.

ആരേയും അധിക്ഷേപിക്കാന്‍ വേണ്ടിയല്ല തന്റെ പരാമര്‍ശമെന്നും വെറും തമാശയായി അതിനെ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top