ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐസക് ന്യൂട്ടനല്ല, ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞനാണെന്ന് ബിജെപി

Vasudevdevnani

ജയ്പുര്‍: ശാസ്ത്രത്തിലെ ചരിത്രകണ്ടുപിടുത്തമായ ഗുരുത്വാകര്‍ഷണം ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്റെ പേരില്‍ എഴുതപ്പെടേണ്ടതാണെന്ന് ബിജെപി മന്ത്രി. ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐസക് ന്യൂട്ടനല്ലെന്നും ഏഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ബ്രഹ്മഗുപ്തന്‍ രണ്ടാമനാണെന്നും രാജസ്ഥാനിലെ ബിജെപി നേതാവും വിദ്യാഭ്യാസമന്ത്രിയുമായ വസുദേവ് ദേവ്‌നാനി പറഞ്ഞു.

ഗുരുത്വാകര്‍ഷണ നിയമം ന്യൂട്ടന്‍ കണ്ടുപിടിക്കുന്നതിന് 1000 വര്‍ഷം മുന്‍പ് ഇന്ത്യ മനസ്സിലാക്കിയിരുന്നെന്നും, ന്യൂട്ടന്റെ പേരിലാണത് അറിയപ്പെടുന്നത്, എന്നാല്‍ ആഴത്തില്‍ പരിശോധിച്ചാല്‍ ബ്രഹ്മഗുപ്തന്‍ രണ്ടാമന്‍ ന്യൂട്ടനും ആയിരം വര്‍ഷം മുന്‍പ് ഈ നിയമം കണ്ടെത്തിയതായി കാണാമെന്നും വസുദേവ് ദേവ്‌നാനി വ്യക്തമാക്കി.

മാത്രമല്ല, എന്തുകൊണ്ടാണ് ഇത് നമ്മുടെ വിദ്യാഭ്യാസ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താത്തതെന്നും, ഇതെല്ലാം നമ്മുടെ കുട്ടികളെ പഠിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസം രാജസ്ഥാന്‍ സര്‍വകലാശാലയുടെ സ്ഥാപക ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നനു വസുദേവ് ദേവ്‌നാനിയുടെ അഭിപ്രായപ്രകടനം. അജ്‌മേറില്‍ നിന്നുള്ള നിയമസഭാംഗമാണ് ഇദ്ദേഹം.

Top