മൂന്ന് സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാര്‍ തീരുമാനമായിട്ടില്ല; നിരീക്ഷകരെ നിയമിക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി സ്ഥാനം ഉറപ്പിച്ചെങ്കിലും മുഖ്യമന്ത്രിമാര്‍ ആരൊക്കെ എന്നതില്‍ അന്തിമ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല. അന്തിമ തീരുമാനത്തിനായി പാര്‍ട്ടി നാളെ മൂന്ന് സംസ്ഥാനങ്ങളിലേക്കും നിരീക്ഷകരെ നിയമിക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയില്‍ ചില പേരുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

മൂന്ന് സംസ്ഥാനങ്ങളിലെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ യോഗങ്ങള്‍ക്ക് നിരീക്ഷകര്‍ മേല്‍നോട്ടം വഹിക്കും. ആ യോഗങ്ങളില്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മധ്യപ്രദേശില്‍ മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റേത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറയപ്പെടുന്ന പേരുകളില്‍ ഒന്നാണ്. കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് പട്ടേല്‍, ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

ഛത്തീസ്ഗഢില്‍ മുന്‍ മുഖ്യമന്ത്രി രമണ്‍ സിംഗ്, സംസ്ഥാന ബിജെപി അധ്യക്ഷന്‍ അരുണ്‍ കുമാര്‍ സാവോ, പ്രതിപക്ഷ നേതാവ് ധരംലാല്‍ കൗശിക്, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഒപി ചൗധരി എന്നിവരുടെ പേരുകളാണ് പ്രധാനമായി പറയപ്പെടുന്നത്. രമണ്‍ സിംഗ് ഒഴികളെയുള്ള മൂന്നുപേരും ഒബിസി വിഭാഗങ്ങളിലുള്ളവരാണ്. രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയാണ് സാധ്യത പട്ടികയില്‍ മുന്നിലുള്ളത്. തിങ്കളാഴ്ച 25 ഓളം ബിജെപി എംഎല്‍എമാര്‍ വസുന്ധര രാജെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാധാരണമായ കൂടിക്കാഴ്ചയെന്ന് വിശേഷിപ്പിച്ചെങ്കിലും പാര്‍ട്ടി നേതൃത്വം രാജെയെ ഉന്നത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് അവര്‍ പറഞ്ഞിരുന്നു. വസുന്ധര രാജെ ഡല്‍ഹിയില്‍ ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തി.

Top