മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി

ഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാക്കി ബിജെപി. മൂന്ന് സംസ്ഥാനങ്ങളിലെ ആധികാരിക വിജയത്തിന് പിന്നാലെ എത്രയും വേഗം മുഖ്യമന്ത്രിമാരെ കണ്ടെത്താനാണ് ബിജെപിയുടെ നീക്കം. മന്ത്രിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാവുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാകും.

കേന്ദ്ര നിരീക്ഷകര്‍ സംസ്ഥാനങ്ങളില്‍ എത്തി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രാജസ്ഥാനിലും, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ മധ്യപ്രദേശിലും കേന്ദ്രമന്ത്രിമാരായ അര്‍ജുന്‍ മുണ്ട, സര്‍ബാനന്ദ സോനോവാള്‍ എന്നിവര്‍ ഛത്തീസ്ഗഡിലും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.

രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യ, ഗജേന്ദ്ര സിങ് ഷെഖാവത്, ദിയ കുമാരി എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് തന്നെയാണ് മുന്‍തൂക്കം. നരേന്ദ്ര സിംഗ് തോമര്‍, ജ്യോതിരാതിദ്യ സിന്ധ്യ എന്നിവരും പട്ടികയില്‍ ഉണ്ട്. ഛത്തീസ്ഗഢില്‍ മുന്‍മുഖ്യമന്ത്രി രമണ്‍ സിംഗ്, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ സാഹോ എന്നിവര്‍ക്കാണ് പ്രഥമ പരിഗണന.

Top