വിവാദ പരാമർശത്തിന് ഉത്തരവാദിത്വം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനു മാത്രം

എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. അത് ലോക രാഷ്ട്രങ്ങൾക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്. ലോകത്തെ ഏറ്റവും വലിയ മതേതര- ജനാധിപത്യ രാജ്യവും ഇന്ത്യ തന്നെയാണ്. ആ ഇന്ത്യ, അതിൻ്റെ അന്തസ്സ് ഒരു രാജ്യത്തിനു മുന്നിലും അടിയറവ് വയ്‌ക്കേണ്ട ഒരു കാര്യവുമില്ല. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ മണ്ടത്തരം വിളിച്ചു പറഞ്ഞതിന് ഇന്ത്യ മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നത് തന്നെ യുക്തിക്ക് നിരക്കാത്തതാണ്. മാപ്പു പറയേണ്ടതും നടപടിക്ക് വിധേയമാകേണ്ടതും പ്രകോപനം സൃഷ്ടിച്ചവർ മാത്രമാണ്. ബി.ജെ.പി നേതാക്കളായ നൂപുർ ശർമയും നവീൻ കുമാർ ജിൻഡാലും പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ ഒരിക്കലും ഇന്ത്യയുടെ മതേതര മനസ്സുകൾ അംഗീകരിക്കുകയില്ല. ഈ പ്രസ്താവനകൾ പ്രകോപനപരമാണ്. ഇത്തരം ജന്മങ്ങൾ ഏറെയുള്ള പാർട്ടിയും ബി.ജെ.പി മാത്രമാണ്. അവരുടെ നിലനിൽപ്പു തന്നെ, തീവ്രഹിന്ദുത്വവാദത്തിൽ കേന്ദ്രീകൃതവുമാണ്. വിഷം ചീറ്റുന്ന വാക്കുകൾ മുൻപും സംഘപരിവാർ നേതാക്കൾ നടത്തിയിട്ടുണ്ട്. അപ്പോഴൊക്കെ കർശന നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ഇന്ന് ഈ അവസ്ഥ ഒരിക്കലും ഉണ്ടാകില്ലായിരുന്നു. ആദ്യം തിരുത്തേണ്ടത് സംഘപരിവാർ നേതൃത്വമാണ്. ഇത്തരം പ്രകോപനങ്ങൾക്ക് മറുപടിയായി വിദ്വേഷ രൂപത്തിൽ ഇടപെടുന്ന തീവ്ര ന്യൂനപക്ഷ വിഭാഗങ്ങളും സ്വയം തിരുത്തലിനു തയ്യാറാകേണ്ടതുണ്ട്. അതല്ലങ്കിൽ ഇവരെയെല്ലാം തിരുത്തിക്കാൻ മത-രാഷ്ട്രീയ നേതൃത്വങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഇന്ത്യ എന്ന രാജ്യത്തിൻ്റെ കരുത്ത് തന്നെ ജനങ്ങൾക്കിടയിലെ യോജിപ്പാണ്.അത് എന്തായാലും തകരാൻ അനുവദിച്ചുകൂടാ.

 

മതേതരത്വം പ്രാണവായു പോലെ പ്രധാനമാണെന്ന് ഇന്ത്യൻ ജനത തിരിച്ചറിയുന്ന കാലഘട്ടം കൂടിയാണിത്. രാജ്യത്തിന്റെ സാമൂഹിക- രാഷ്ട്രീയ വ്യവഹാരങ്ങളിൽ വർഗീയതയുടെ സ്വാധീനം ദിനംപ്രതി വർധിക്കുകയാണ്. മതേതരത്വം, മതനിരപേക്ഷത എന്നിവയൊക്കെ വെറും പൊള്ളയായ വാക്കുകളായി മാറ്റാനുള്ള ശ്രമത്തെ തകർക്കുക തന്നെ വേണം. ഇത്തരം വെല്ലുവിളികളെ തികഞ്ഞ യാഥാർഥ്യബോധത്തോടെ നേരിടുകയെന്നത് ഓരോ ഇന്ത്യൻ പൗരന്റെയും കടമയാണ്. മതവും മതഭ്രാന്തും കൂടിക്കലർന്ന ഒരു സാമൂഹ്യപശ്ചാത്തലത്തിൽ ഈ പ്രശ്നത്തിന്റെ ആഴങ്ങളെ കുറിച്ച് പുതുതലമുറയും ഏറെ പഠിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാവണം പുതിയ സംഭവ വികാസങ്ങളെയും നാം നോക്കി കാണേണ്ടത്.

ബി.ജെ.പി നേതാക്കളുടെ വിവാദ പരാമർശത്തിൽ ഇപ്പോഴും അറബ് രാജ്യങ്ങളിൽ പ്രതിഷേധം ശക്തമാണ്. ഇറാൻ, ഇറാഖ്, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യു.എ.ഇ, ഇറാൻ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 15 രാജ്യങ്ങളാണ് വിവാദ പരാമർശത്തിൽ ഇന്ത്യക്കെതിരെ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിരിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചതിൽ ഇന്ത്യ മാപ്പ് പറയണമെന്നതാണ് ഈ രാജ്യങ്ങളുടെ നിലപാട്. പ്രതിഷേധം സ്വാഭാവികമാണെങ്കിലും ബി.ജെ.പി നേതാക്കൾ ചെയ്ത തെറ്റിന് രാജ്യം മാപ്പ് പറയണമെന്ന് പറയുന്നത് തികച്ചും അസാധാരണ നടപടിയാണ്. രാജ്യം ഭരിക്കുന്നത് ബി.ജെ.പി സർക്കാറാണെങ്കിലും രാജ്യം ബി.ജെ.പിയുടേതല്ലന്നതും ഓർക്കണം. അത് ഈ നാട്ടിലെ എല്ലാ വിഭാഗത്തിലുംപ്പെട്ട പൗരൻമാരുടേതാണ്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാറാണ് രാജ്യം ഭരിക്കുന്നത്. ഇന്ന് മോദിയെങ്കിൽ നാളെ അത് മാറ്റാരെങ്കിലും ആകാം. ഏകാധിപത്യ ഭരണം നിലനിൽക്കുന്ന രാജ്യങ്ങൾ ഇന്ത്യയോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുമ്പോൾ ഈ യാഥാർത്ഥ്യവും ഒന്നു മനസ്സിലാക്കുന്നത് നല്ലതായിരിക്കും. നേതാക്കളെ ബി.ജെ.പി തിരുത്തിയില്ലെങ്കിൽ മോദി സർക്കാറിനെ തന്നെ തിരുത്തിക്കാനുള്ള കരുത്ത് ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിനുണ്ട്. ഒരു രാജ്യത്തിൻ്റെയും ആഭ്യന്തര കാര്യത്തിൽ ഇന്ത്യ ഇടപെടാറില്ല അതു പോലെ ഇന്ത്യയുടെ കാര്യത്തിലും ഇടപെടാതിരിക്കുന്നതു തന്നെയാണ് നല്ലത്. വിവാദ പ്രസ്താവന നടത്തിയ രണ്ട് ബി.ജെ.പി നേതാക്കൾക്കെതിരെയും നിയമനടപടി ആവശ്യപ്പെട്ട് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ തന്നെ രംഗത്തു വന്നിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള കരുത്ത് ഇന്ത്യൻ ജുഡീഷ്യറിക്കുമുണ്ട്. അതു നിറവേറ്റപ്പെടുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ ആരും തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ല.

രാജ്യാന്തര തലത്തിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുന്ന രൂപത്തിലേക്ക് വിവാദ പ്രസ്താവന മാറിയതിനെ ഇന്ത്യയിലെ മതേതര മനസ്സുകളും ഗൗരവത്തോടെയാണ് കാണുന്നത്. ആക്ഷേപകരമായ ട്വീറ്റുകളും അഭിപ്രായങ്ങളും ഒരു തരത്തിലും സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയവും ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെ വ്യക്തികളുടെ കാഴ്ചപ്പാടാണ്. അതിനെ ആ രൂപത്തിൽ തന്നെയാണ് വിലയിരുത്തേണ്ടതും. വിദ്വേഷ പ്രസ്താവന നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ച ബി.ജെ.പി ഇത്തരം പ്രസ്താവനകൾ നടത്തുന്ന മുഴുവൻ ആളുകളെയും പുറത്താക്കുമെന്ന് പ്രഖ്യാപിക്കാനാണ് ഇനിയെങ്കിലും തയ്യാറാകേണ്ടത്. എങ്കിൽ മാത്രമേ ഇപ്പോഴത്തെ നടപടിയെയും ആത്മാർത്ഥമായി വിലയിരുത്താൻ കഴിയുകയൊള്ളൂ. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കൾ എന്ന നിലയിലുള്ള ഉത്തരവാദിത്വമാണ് വിവാദ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാക്കൾ മറന്നു പോയിരിക്കുന്നത്.

ഇപ്പോൾ ഇന്ത്യക്കെതിരെ രംഗത്തു വന്ന അറബ് രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്ത്യയുമായി ഏറെ അടുപ്പമുള്ള രാജ്യങ്ങളാണ്. പാക്കിസ്ഥാൻ്റെ ഭാഷ ഒരിക്കൽ പോലും ഈ രാജ്യങ്ങൾ നമ്മളോട് സംസാരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ പാക്കിസ്ഥാൻ മുന്നോട്ട് വച്ച “മാപ്പ് ” എന്ന വാക്കു തന്നെയാണ് ഇതിൽ പല അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെയും ഗൗരവമായി തന്നെ നാം കാണേണ്ടതുണ്ട്. വിദ്വേഷ പ്രസ്താവന നടത്തിയവർ സർക്കാർ പദവി വഹിക്കാത്തവരായതിനാൽ ഈ വിഷയത്തിൽ രാജ്യം മാപ്പ് പറയേണ്ട ഒരു കാര്യവുമില്ല. അങ്ങനെ തുടങ്ങിയാൽ പിന്നെ അതിനു മാത്രമേ സമയമുണ്ടാകുകയുള്ളൂ. വ്യക്തികളുടെ നാവിന് ‘ചങ്ങലക്കിടാൻ’ നമ്മുടെ രാജ്യത്ത് വ്യവസ്ഥയില്ല.

അഭിപ്രായ സ്വാതന്ത്ര്യം ഏറ്റവും കൂടുതലുള്ളതും അതിൻ്റെ ദുരുപയോഗം കൂടുതലുള്ളതും ജനാധിപത്യ ഇന്ത്യയിൽ തന്നെയാണ്. ഈ രീതിക്കാണ് ഇനിയെങ്കിലും മാറ്റം വരുത്തേണ്ടത്. എങ്കിൽ മാത്രമേ ‘തിരുത്തൽ’ നടപടികളും ഫലം കാണുകയൊള്ളൂ. അഭിപ്രായ സ്വാതന്ത്ര്യം എന്നത് ഒരിക്കലും എന്തും വിളിച്ചു പറയാനുള്ള ലൈസൻസായി മാറരുത്. പ്രത്യേകിച്ച് മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ സൂഷ്മത പുലർത്തേണ്ടത് അനിവാര്യമാണ്. ബി.ജെ.പി നേതാക്കൾക്ക് പിഴച്ചതും ഇവിടെയാണ്. അതുകൊണ്ടാണ് രാജ്യവും ഇപ്പോൾ പ്രതിരോധത്തിലായിരിക്കുന്നത്. ഇക്കാര്യത്തിൽ അറബ് രാജ്യങ്ങളുടെ ആശങ്ക അകറ്റി അവരെ ഒപ്പം നിർത്താനാണ് ഇന്ത്യൻ ഭരണകൂടം ശ്രമിക്കേണ്ടത്. ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ ആഗ്രഹിക്കുന്നതും അതു തന്നെയാണ്.

EXPRESS KERALA VIEW

 

Top