ജനങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ ബിജെപിക്ക് സാധിക്കില്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി. ബിജെപിക്ക് ഞങ്ങളുടെ ഡിസ്ലൈക്കുകളെയും കമന്റുകളെയും ഇല്ലാതാക്കാം. എന്നാല്‍ ജനങ്ങളുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. നേരത്തെ പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ പേജിലെ ഡിസ്ലൈക്കുകളും കമന്റുകളും രേഖപ്പെടുത്താനുള്ള ഓപ്ഷന്‍ ബിജെപി ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്.

ജിഡിപിയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം ഗബ്ബര്‍ സിംഗ് ടാക്സാണെന്ന് രാഹുല്‍ ആരോപിച്ചു. ജിഎസ്ടി ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ വിശേഷിപ്പിക്കുന്നത് ഗബ്ബര്‍ സിംഗ് ടാക്സ് എന്നാണ്. ഒരുപാട് ചെറുകിട വ്യാപാരങ്ങളെ തകര്‍ത്തത് ജിഎസ്ടിയാണ്. ലക്ഷകണക്കിന് യുവാക്കളുടെ തൊഴിലാണ് ഇല്ലാതാക്കിയത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാക്കി. ജിഎസ്ടി എന്നത് സമ്പദ് വ്യവസ്ഥയുടെ അവസാനമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

നികുതി നിരക്ക് നിയന്ത്രിക്കുന്നതിനായി പതിനഞ്ചോ ഇരുപതോ വ്യവസായികളെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഇവരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അതേസമയം സാധാരണ തൊഴിലാളികള്‍ക്കോ കര്‍ഷകര്‍ക്കോ ചെറുകിട വ്യാപാരികള്‍ക്കോ ഇത്തരം സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ല. ചെറുകിട-ഇടത്തരം വ്യാപാരികള്‍ ഈ നികുതി ഒരിക്കലും നല്‍കാനാവില്ല. നിരവധി അക്കൗണ്ടന്റുമാര്‍ ഉള്ളത് കൊണ്ട് വലിയ കമ്പനികളൊക്കെ ഈ രീതി വിജയകരമായി ഉപയോഗിക്കും. എന്തുകൊണ്ട് നാല് വ്യത്യസ്ത നിരക്കുകള്‍ ഉണ്ടാവുന്നു. ജിഎസ്ടി വന്‍കിട കച്ചവടക്കാരെ സഹായിക്കാവുന്ന രീതിയിലാണ് തയ്യാറാക്കിയതെന്നും രാഹുല്‍ പറഞ്ഞു.

മോദി നിര്‍മിത ദുരന്തങ്ങളാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്. മോദി സര്‍ക്കാര്‍ ചിന്തിക്കുന്നത് കുറഞ്ഞ ഭരണവും കൂടുതല്‍ സ്വകാര്യവല്‍ക്കരണവുമാണ്. കോവിഡ് വെറുമൊരു ന്യായീകരണം മാത്രമാണ്. സ്ഥിരം ജീവനക്കാര്‍ ഇല്ലാത്ത സര്‍ക്കാര്‍ ഓഫീസുകളാണ് കേന്ദ്രത്തിന് വേണ്ടത്. യുവാക്കളുടെ ഭാവി അവര്‍ കവര്‍ന്നെടുക്കുകയാണെന്നും സ്വന്തം സുഹൃത്തുക്കളെ മുന്നോട്ട് പോകാന്‍ സഹായിക്കുന്നതിന് വേണ്ടിയാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Top