സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു; കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ ചര്‍ച്ചയാവാന്‍ പാടില്ല എന്ന ബിജെപി നിലപാടിനൊപ്പം കോണ്‍ഗ്രസും ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. കൊവിഡ് കാലത്ത് ബിജെപി ഗവണ്മെന്റ് എല്ലാ മേഖലകളെയും കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കുകയാണ്.

എത്ര കേന്ദ്ര ഏജന്‍സികളെ കൊണ്ട് വന്നാലും ഒരു എംഎല്‍എയെ പോലും മറുവശത്തേക്ക് കൊണ്ടു പോകാന്‍ സാധിക്കില്ല. മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെയാണ് അട്ടിമറി നടത്തിയത്. കേരളത്തില്‍ അത് നടക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

‘കോണ്‍ഗ്രസുമായി രഹസ്യധരണ ഉണ്ടാക്കി കുറച്ചു സീറ്റ് നേടാനാണ് കേരളത്തില്‍ ബിജെപി ശ്രമിക്കുന്നത്. കോലിബി സഖ്യം വന്നപ്പോഴെല്ലാം പരാജയപ്പെട്ട ചരിത്രം ആണുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നണി വിജയിക്കും. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പും വിജയിക്കും. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടി നടക്കുന്ന എല്ലാ കുതന്ത്രങ്ങളെയും അതി ജീവിക്കാന്‍ ജനങ്ങള്‍ കൂടെ നില്‍ക്കണമെന്നും’ കോടിയേരി ആവശ്യപ്പെട്ടു.

‘സമരങ്ങള്‍ക്ക് ജനപിന്തുണ ലഭിക്കുന്നില്ലന്നു കണ്ടപ്പോള്‍ അക്രമണങ്ങളിലേക്ക് പോയി. അക്രമസമരങ്ങളും കലാപങ്ങളും നടത്തി സര്‍ക്കാരിനെ അട്ടിമറിക്കാം എന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. അത് നടക്കുകയില്ല. ജനങ്ങളെ അണിനിരത്തി തന്നെ അതിനെ നേരിടും. സ്വര്‍ണ കള്ളക്കടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്‍ഐഎ വക്കീലും സര്‍ക്കാരിനെ പ്രശംസിച്ചു.

എന്നാല്‍ ഒടുവില്‍ അന്വേഷണം ബിജെപി നേതാക്കളില്‍ എത്തുന്നു എന്ന് കണ്ടപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി. ഇപ്പോള്‍ പിടികൂടിയവരില്‍ ബഹുഭൂരിപക്ഷം യുഡിഎഫും ബിജെപിക്കാരുമാണ്.

ലൈഫ് മിഷനില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരാളും കൈക്കൂലി വാങ്ങുകയോ കമ്മീഷന്‍ വാങ്ങുകയോ ചെയ്തിട്ടില്ല. അത്തരം ആക്ഷേപവുമില്ല. ആക്ഷേപമുയര്‍ന്നത് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവര്‍ക്കെതിരെയാണ്. അവരെ കണ്ടെത്തി അന്വേഷിക്കണം. സര്‍ക്കാരിന് എന്തെങ്കിലും മറച്ചു വെക്കാന്‍ ഉണ്ടെങ്കില്‍ കേസ് വിജിലന്‍സിന് വിടുമായിരുന്നോ എന്നും കോടിയേരി ചോദിച്ചു.

Top