കമിങ് സൂണ്‍, ഹൃദയത്തില്‍ ഹൈബി ; കൊച്ചി മെട്രോയുടെ തൂണുകളില്‍ നിന്ന് ഹൈബി ഈഡന്റെ ബില്‍ബോര്‍ഡുകള്‍ മാറ്റി

കൊച്ചി: കൊച്ചി മെട്രോയുടെ തൂണുകളില്‍ നിന്ന് എറണാകുളം എംപി ഹൈബി ഈഡന്റെ ബില്‍ബോര്‍ഡുകള്‍ മാറ്റി. രാഷ്ട്രീയ സംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് കച്ചേരിപ്പടി ഭാഗത്തുള്ള മെട്രോ തൂണുകളില്‍ ഹൈബി ഈഡന്‍ എംപിയുടെ ചിത്രമുള്ള ബില്‍ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഈ ബോര്‍ഡുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമെന്ന് കരുതപ്പെടുമെന്നതിനാലാണ് പരാതി നല്‍കിയതെന്നാണ് രാഷ്ട്രീയ സംഘടനകള്‍ പറയുന്നത്. നാടിന്റെ ഹൃദയാക്ഷരങ്ങള്‍, കമിങ് സൂണ്‍, ഹൃദയത്തില്‍ ഹൈബി മുതലായ വാചകങ്ങളോടെയായിരുന്നു ഹൈബി ഈഡന്റെ ചിത്രത്തിനൊപ്പം ബോര്‍ഡുകളിലുണ്ടായിരുന്നത്.

രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന മെട്രോയുടെ നയത്തിന് വിരുദ്ധമാണിതെന്നും സിപിഐഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് യുഡിഎഫില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഹൈബ ഈഡനുവേണ്ടി കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ബില്‍ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

Top