കരാര്‍ ജോലികള്‍ക്കും സംവരണം, സുപ്രധാന തീരുമാനവുമായി ബിഹാര്‍ സര്‍ക്കാര്‍

പാറ്റ്ന: പൊതുമേഖലയിലെ പുറംകരാര്‍ ജോലികള്‍ക്കും സംവരണമേര്‍പ്പെടുത്തി ബിഹാര്‍ സര്‍ക്കാര്‍.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്. പട്ടിക ജാതി 16 ശതമാനം, പട്ടിക വര്‍ഗം ഒരു ശതമാനം, ഇബിസി 18 ശതമാനം, ഒബിസി 12 ശതമാനം എന്നിങ്ങനെയാണ് സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബിഹാറില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലായി പതിനായിരം കരാര്‍ തൊഴിലാളികളുണ്ടെന്നാണ് കണക്കാക്കുന്നത്. വൈദ്യുതി വകുപ്പിലെ ഡാറ്റ എന്‍ട്രി ജീവനക്കാരില്‍ ഭൂരിപക്ഷവും കരാര്‍ തൊഴിലാളികളാണ്. സെക്രട്ടറിയേറ്റിലെ ഉയര്‍ന്ന തസ്തികയിലുള്ള ജോലികള്‍ ഒഴിച്ചുള്ളവയില്‍ ഭൂരിപക്ഷവും പുറംകരാര്‍ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തിരുന്നത്.

ബല്‍ട്രോണ്‍ പോലുള്ള ഏജന്‍സികളാണ് കരാര്‍ നിയമനം നടത്തിവന്നിരുന്നത്. ഇവര്‍ക്കും ഇനിമുതല്‍ നിയമനങ്ങളില്‍ സംവരണം പാലിക്കേണ്ടിവരും. പെന്‍ഷനടക്കമുള്ള സ്ഥിരം ജീവനക്കാരുടെ അനുകൂല്യങ്ങളുടെ ബാധ്യത ഒഴിവാക്കാനാണ് സര്‍ക്കാര്‍ പുറംകരാര്‍ നല്‍കിത്തുടങ്ങിയത്.

Top