ഭാരതരത്‌ന പുരസ്‌കാരം ജീവിതത്തില്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ക്കുള്ള അംഗീകാരം; എല്‍.കെ.അഡ്വാനി

ഡല്‍ഹി: എനിക്കു ലഭിച്ച ഭാരതരത്‌ന പുരസ്‌കാരം ജീവിതത്തില്‍ ഉടനീളം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ക്കു കൂടിയുള്ളതാണെന്നു എല്‍.കെ.അഡ്വാനി. 14-ാം വയസ്സില്‍ ആര്‍എസ്എസില്‍ ചേര്‍ന്ന നാള്‍ മുതല്‍ പ്രാധാന്യം നല്‍കിയത് രാജ്യ സേവനത്തിനാണെന്നും പൊതുജീവിതത്തില്‍ തന്നോടൊപ്പം പ്രവര്‍ത്തിച്ച ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ നന്ദി അറിയിക്കുന്നതായും അഡ്വാനി പ്രസ്താവനയില്‍ പറഞ്ഞു. നേരത്തേ, അഡ്വാനിക്ക് ഭരതരത്‌ന പുരസ്‌കാരം നല്‍കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

”അങ്ങേയറ്റം കൃതജ്ഞതയോടും വിനയത്തോടും കൂടി ഭാരതരത്‌ന പുരസ്‌കാരം ഞാന്‍ സ്വീകരിക്കുന്നു. എനിക്ക് ഈ പുരസ്‌കാരം ഒരു വ്യക്തി എന്ന നിലയിലുള്ള നേട്ടം മാത്രമല്ല, ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങള്‍ക്കു കൂടിയുള്ള അംഗീകാരമാണ്. 14-ാം വയസ്സില്‍ ആര്‍എസ്എസില്‍ സന്നദ്ധസേവകനായി ചേര്‍ന്നതു മുതല്‍ എന്റെ രാജ്യത്തിനായി ജീവിതം നീക്കിവച്ചു. എന്റെ ജീവിതം രാജ്യത്തിനുള്ളതാണ് എന്ന ആപ്തവാക്യമാണ് എന്നെ മുന്നോട്ടുനയിച്ചത്.

ഏറ്റവും അടുപ്പത്തോടെ എന്നോടൊപ്പം പ്രവര്‍ത്തിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയെയും അടല്‍ ബിഹാരി വായ്‌പേയിയെയും ഈ അവസരത്തില്‍ സ്മരിക്കുകയാണ്. പൊതുജീവിതത്തില്‍ എന്നോടൊപ്പം പ്രവര്‍ത്തിച്ച ലക്ഷക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെയും സ്വയംസേവകരെയും നന്ദി അറിയിക്കുന്നു. എല്ലായ്പ്പോഴും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കിയ ഭാര്യ കമലയെയും മറ്റ് കുടുംബാംഗങ്ങളെയും ഓര്‍ക്കുന്നു. ഈ പുരസ്‌കാരത്തിനായി എന്നെ തിരഞ്ഞെടുത്തതിനു രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കുന്നു നമ്മുടെ രാജ്യം ഇനിയും ഉയരങ്ങളിലേക്കു വളരട്ടെ” -അഡ്വാനി വ്യക്തമാക്കി.

Top