കുട്ടികളെ വളര്‍ത്താന്‍ പറ്റിയ രാജ്യം, ഇന്ത്യക്ക് 59ാം സ്ഥാനം; ‘ബെസ്റ്റ്’ രാജ്യം ഡെന്‍മാര്‍ക്ക്

ക്കളെ നല്ല രീതിയില്‍ വളര്‍ത്തി മികച്ച ഭാവി സമ്മാനിക്കാനാണ് രക്ഷിതാക്കള്‍ എപ്പോഴും ശ്രമിക്കുന്നത്. പലരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് പോലും ഇത്തരമൊരു ഉദ്ദേശം മനസ്സില്‍ വെച്ചാണ്. ലോകത്തില്‍ കുട്ടികള്‍ക്ക് നല്ല രീതിയില്‍ വളരാന്‍ പറ്റിയ രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോള്‍ ഡെന്‍മാര്‍ക്കിനാണ് ഒന്നാം സ്ഥാനം. ബെസ്റ്റ് കണ്‍ട്രീസ് റിപ്പോര്‍ട്ടില്‍ ഇന്ത്യക്ക് 59ാം സ്ഥാനമാണുള്ളത്.

വിശാലമായ മറ്റേണിറ്റി, പറ്റേണിറ്റി ലീവ് നയങ്ങളും, സൗജന്യ ആരോഗ്യസേവനം, വിദ്യാഭ്യാസം എന്നിവയാണ് ഡെന്‍മാര്‍ക്കിന് ഈ സ്ഥാനം നേടിക്കൊടുത്തത്. ഡെന്‍മാര്‍ക്കിന് പിന്നില്‍ സ്വീഡന്‍, നോര്‍വേ, കാനഡ, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്റ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തില്‍ ഇടംനേടിയവര്‍. കുടുംബസൗഹൃദപരമായ അന്തരീക്ഷവും, മികച്ച സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കും പുറമെ കുറഞ്ഞ കുറ്റകൃത്യ നിരക്കുകളും ഈ രാജ്യങ്ങളുടെ മികവായി.

ഏറ്റവും മോശം പത്ത് രാജ്യങ്ങളില്‍ കസാഖിസ്ഥാന്‍, ലെബനണ്‍, ഗ്വാട്ടിമാല, മ്യാന്‍മാര്‍, ഒമാന്‍, ജോര്‍ദ്ദാന്‍, സൗദി അറേബ്യ, അസര്‍ബൈജാന്‍, ടുണീഷ്യ, വിയറ്റ്‌നാം എന്നിവരാണ് ഇടംനേടിയത്. ബെസ്റ്റ് കണ്‍ട്രീസ് പട്ടികയില്‍ അമേരിക്കയ്ക്ക് 18ാം സ്ഥാനവും, ബ്രിട്ടന് 11ാം സ്ഥാനവുമാണ് ലഭിച്ചത്. 73 രാജ്യങ്ങളെ 65 വിവിധ കാറ്റഗറികളില്‍ പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സ്വിറ്റ്‌സര്‍ലന്റ് മികച്ച രാജ്യങ്ങളുടെ ആദ്യ പത്തില്‍ എത്തുന്നത്. കാനഡ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. യുഎസ് ന്യൂസ് & വേള്‍ഡ് റിപ്പോര്‍ട്ട്, ബിഎവി ഗ്രൂപ്പ്, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി വാര്‍ട്ടണ്‍ സ്‌കൂള്‍ എന്നിവര്‍ ചേര്‍ന്നാണ് മികച്ച രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്.

Top