വിരാട് കോലിയെപ്പറ്റി ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെപ്പറ്റി ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന റിപ്പോര്‍ട്ടുകളും വ്യാജമാണ്. ഇത്തരം റിപ്പോര്‍ട്ടിംഗുകള്‍ അവസാനിപ്പിക്കണമെന്നും ധുമാല്‍ അഭ്യര്‍ത്ഥിച്ചു.

കോലിയുടെ ക്യാപ്റ്റന്‍സിയെപ്പറ്റി മുതിര്‍ന്ന താരങ്ങളായ അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പൂജാരയും ബിസിസിഐ സെക്രട്ടറി ജയ് ഷായോട് പരാതിപ്പെട്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ‘മാധ്യമങ്ങള്‍ അസംബന്ധം എഴുതുന്നത് അവസാനിപ്പിക്കണം. ഒരു ഇന്ത്യന്‍ കളികാരനും വാക്കാലോ രേഖാമൂലമോ ഇതു വരെ ഒരു പരാതിയും നല്‍കിയിട്ടില്ല. തെറ്റായ റിപ്പോര്‍ട്ടുകള്‍ക്കെല്ലാം ബിസിസിഐക്ക് മറുപടി നല്‍കാനാവില്ല.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മാറ്റങ്ങള്‍ വരുമെന്ന് പറയുന്ന ചില റിപ്പോര്‍ട്ടുകള്‍ ഞങ്ങള്‍ കണ്ടു. ആരാണ് അങ്ങനെ പറഞ്ഞത് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടിംഗ് മറ്റെന്തിനേക്കാളും, ഇന്ത്യന്‍ ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുകയാണ്. വളരെക്കാലമായി ഇന്ത്യന്‍ ടീമിനെ പിന്തുടരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍, ഇന്ത്യന്‍ ടീം അങ്ങനെ ചെയ്യണമെന്നും ഇങ്ങനെ ചെയ്യണമെന്നും പറയുന്നത് നമുക്ക് മനസിലാക്കാനാവും.

ഞങ്ങള്‍ അതിനെ ബഹുമാനിക്കുന്നു. അത് അവരുടെ ജോലിയാണ്. നല്ല റിപ്പോര്‍ട്ടുകള്‍ വായിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ കെട്ടിച്ചമക്കുന്നതും, ആ വ്യക്തി അങ്ങനെ പറഞ്ഞെന്നും, ഈ വ്യക്തി ഇങ്ങനെ പറഞ്ഞെന്നും യാതൊരു വസ്തുതയുമില്ലാതെ പറയുന്നത് ശരിയല്ല.” പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധുമാല്‍ പറഞ്ഞു.

 

Top