സമരം ചെയ്യുന്ന അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ബാര്‍ കൗണ്‍സില്‍

ന്യൂഡല്‍ഹി: രാജ്യത്ത് സമരം ചെയ്യുന്ന അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇതിനു വേണ്ടി പുതിയ നിയമങ്ങള്‍ രൂപീകരിക്കുമെന്നും ബാര്‍ കൗണ്‍സില്‍. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് , എം ആര്‍ ഷാ എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ചിനു മുന്നില്‍ ബാര്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ ചെയര്‍മാന്‍ മനന്‍ മിശ്ര അറിയിച്ചതാണ് ഇക്കാര്യം.

വിഷയം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി രാജ്യത്തെ എല്ലാ ബാര്‍ കൗണ്‍സിലുകളുടേയും ഒരു യോഗം സെപ്തംബര്‍ നാലിന് വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും പുതിയ നിയമങ്ങള്‍ അടുത്ത മാസം തുടക്കത്തില്‍ തന്നെ നിലവില്‍ വരത്തക്ക വിധത്തില്‍ തീരുമാനം എടുക്കുമെന്നും മനന്‍ മിശ്ര കോടതിയില്‍ പറഞ്ഞു. സമരം ചെയ്യുന്ന അഭിഭാഷകര്‍ക്കെതിരെ മാത്രമല്ല സമരം ചെയ്യാന്‍ അവരെ പ്രകോപിപ്പിക്കുന്ന വിധത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നവരെയും ശിക്ഷിക്കുന്ന വിധത്തില്‍ നിയമം നിര്‍മിക്കാനാണ് ശ്രമിക്കുന്നതെന്ന് മനന്‍ മിശ്ര പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യത്തെ മറയാക്കി അഭിഭാഷകര്‍ അടിക്കടി സമരം ചെയ്യുന്നത് കാരണം കോടതി നടപടികള്‍ തടസപ്പെടുന്നുണ്ടെന്നും ഇത് രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങള്‍ നിഷേധിക്കുന്നതിനു തുല്ല്യമാണെന്ന് സുപ്രീം കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Top