the banks non perfoming assets high in 10 year

രാജ്യത്തെ ബാങ്കിങ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കിട്ടാക്കടം പെരുകുന്നു. രാജ്യത്തെ 19 മുന്‍നിര ബാങ്കുകളുടെയും കൂടി മൊത്തം കിട്ടാക്കടം2.6 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തിലെ കണക്കാണിത്. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതാണ് ഇത്. 2015 മാര്‍ച്ച് 31ന് ഇത് 2.3 ലക്ഷം കോടിയായിരുന്നു.

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ രാജ്യത്തെ ബാങ്കുകളുടെ എല്ലാം കൂടി മൊത്തം കിട്ടാക്കടം (അറ്റ നിഷ്‌ക്രിയ ആസ്തി എന്‍.പി.എ.) നാല് ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ അനുമാനം. വന്‍കിട കോര്‍പ്പറേറ്റുകളാണ് ഏറ്റവുമധികം കിട്ടാക്കടം വരുത്തിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി മൂലം പല പദ്ധതികളും പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നതാണ് കിട്ടാക്കടം ഉയരാന്‍ കാരണമായത്. സ്റ്റീല്‍, ഖനനം, വ്യോമയാനം, ഊര്‍ജം, ടെക്‌സ്‌റ്റൈല്‍, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ കമ്പനികളാണ് ഏറ്റവുമധികം കിട്ടാക്കടം വരുത്തിയിരിക്കുന്നത്.

പൊതുമേഖലയില്‍ അലഹബാദ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ മാത്രമാണ് കിട്ടാക്കടത്തിന്റെ തോത് കുറച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ കിട്ടാക്കടം മൊത്തം വായ്പയുടെ 3.77 ശതമാനമായി ഉയര്‍ന്നു. ഒരു വര്‍ഷം മുമ്പ് ഇത് 3.12 ശതമാനമായിരുന്നു.

രാജ്യത്തെ ബാങ്കിങ് രംഗത്ത് കിട്ടാക്കടം പെരുകുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

അതിനിടെ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. ബാങ്കുകളുടെ പ്രകടനം വിലയിരുത്തുന്നതിനും വായ്പാ ഡിമാന്‍ഡ് ഉയര്‍ത്തുന്നതിനും വേണ്ടിയാണ് ഇത്.

Top