ഭാസുരാംഗന്റെയും അഖില്‍ജിത്തിന്റെയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഹാജരാക്കാണമെന്ന് കോടതി

തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണക്കേസിലെ പ്രതികളായ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഇഡിക്ക് നിര്‍ദ്ദേശം നല്‍കി കോടതി. പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 12 ലേക്ക് മാറ്റിവെച്ചു. ബാങ്കില്‍ നടന്നത് ക്രമക്കേട് അല്ലെന്നും ആസ്തി ശോഷണം മാത്രമാണ് ഉണ്ടായതെന്നുമാണ് പ്രതികളുടെ വിശദീകരണം. ഇഡിയുടെ റിപ്പോര്‍ട്ടില്‍ കാണിച്ച തുക കള്ളപ്പണ നിക്ഷേപം അല്ല. അക്കൗണ്ടുകളിലൂടെ നടത്തിയ ഇടപാടുകളാണ് നിക്ഷേപമായി കാണിച്ചതെന്നും വീട് വില്‍പ്പന നടത്തിയ തുകയും ചിട്ടി ലഭിച്ച തുകയുമാണ് നിക്ഷേപമായി കാണിച്ചതില്‍ ഉള്‍പ്പട്ടിട്ടുള്ളതെന്നും ഇവര്‍ പറയുന്നു.

സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കുറ്റക്കാരനായി കണ്ടെത്തിയ ബാങ്ക് സെക്രട്ടറിയാണ് ബൈജു രാജന്‍. ഇയാളുടെ മൊഴി ആണ് ഇഡി തങ്ങള്‍ക്കെതിരായ പ്രധാന മൊഴിയായി കാണിച്ചതെന്നും പ്രതികള്‍ ചൂണ്ടിക്കാണിക്കുന്നു. ഭാസുരാംഗന് ഗുരുതര ആരോഗ്യപ്രശ്‌നം ഉണ്ടെന്നും ഇവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈ മാസം 18 വരെ നീട്ടിയിരിക്കുകയാണ്.

കഴിഞ്ഞ നവംബര്‍ 21 നാണ് അഖില്‍ ജിത്തിനെയും ഭാസുരാംഗനെയും ഇഡി അറസ്റ്റ് ചെയ്തതത്. ഇരുവരുടേയും റിമാന്‍ഡ് കാലവധിയും ഇന്ന് അവസാനിക്കും. കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നത് നേതാക്കളുമായി ബന്ധമുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നുമാണ് ഇഡിയുെ വാദം. അതേസമയം, കണ്ടലയിലേത് സംഘടിത കുറ്റകൃത്യമാണെന്നും മുഴുവന്‍ നിക്ഷേപങ്ങളെ കുറിച്ചും ആസ്തികളെക്കുറിച്ചും ഭാസുരാംഗന്‍ വെളിപ്പെടുത്തുന്നില്ലെന്നുമാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

തട്ടിപ്പിലൂടെ ലഭിച്ച പണം എന്ത് ചെയ്‌തെന്നറിയാന്‍ കൂടുതല്‍ രേഖകള്‍ കണ്ടെടുക്കേണ്ടതുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിലെ പങ്കാളികളാണ് പ്രതികള്‍. പല ഇടപാടുകളും നടത്തിയിട്ടുള്ളത് ബെനാമി പേരുകളിലാണ്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരുടെ നിസ്സഹകരണം മൂലം ബാങ്കുകളില്‍ നിന്നും മുഴുവന്‍ രേഖകള്‍ ലഭിച്ചിട്ടില്ലെന്നും റിമാന്റ് റിപ്പോര്‍ട്ടിലുണ്ട്. മകന്‍ അഖില്‍ജിത്തിന്റെ മൊഴിയിലാണ് പല സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള വിവരങ്ങളുളളത്.

42 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ വാങ്ങി. സൂപ്പര്‍ മാര്‍ക്കറ്റുകളിലും റസ്റ്റോറന്റുകളിലും ലക്ഷങ്ങള്‍ നിക്ഷേപിച്ചു. മാളവിക എന്റര്‍പ്രൈസ് എന്ന പേരില്‍ പിതാവും, ഭാര്യ പിതാവും പങ്കാളുകളായ സ്ഥാപനം ആരംഭിച്ചു. ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലുള്ള 33.90 ലക്ഷം രൂപ സുഹൃത്തുക്കളില്‍ നിന്നും സഹോദരിയില്‍ നിന്നും വാങ്ങിയതാണെന്നും അഖില്‍ജിത്ത് മൊഴി നല്‍കിയിരുന്നു.

Top