രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നവംബര്‍ 30 വരെ നീട്ടി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് നീട്ടിയെങ്കിലും നിലവിലുള്ള തെരഞ്ഞെടുത്ത റൂട്ടുകളിലേക്കുള്ള പ്രത്യേക സര്‍വീസുകള്‍ തുടരും.

മാര്‍ച്ച് 23ന് ആണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. വന്ദേ ഭാരത് മിഷനു കീഴില്‍ പ്രത്യേക രാജ്യാന്തര സര്‍വീസുകള്‍ മെയ് മുതല്‍ ആരംഭിച്ചിരുന്നു. ജൂലൈ മുതല്‍ എയര്‍ ബബിള്‍ സംവിധാനത്തില്‍ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നും സര്‍വീസ് നടത്തി വന്നിരുന്നു. ഈ സര്‍വീസുകളും തുടരും.

യുഎസ്, ഫ്രാന്‍സ്, യുകെ, യുഎഇ, കെനിയ, ഭൂട്ടാന്‍ എന്നിങ്ങനെ 18 രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെട്ടത്. ഈ കരാര്‍ പ്രകാരം ഇരു രാജ്യങ്ങളിലെയും എയര്‍ലൈനുകള്‍ക്ക് പ്രത്യേക വിമാനസര്‍വീസുകള്‍ നടത്താം.

Top