ഡല്‍ഹിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായുനിലവാരം മെച്ചപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി സര്‍ക്കാര്‍. എന്നാല്‍, പൊടിമലിനീകരണം തടയാനുള്ള പതിനാലിന മാര്‍ഗരേഖ കര്‍ശനമായി പാലിക്കപ്പെടുമെന്ന് ഉറപ്പുവരുത്തുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

ട്രക്കുകള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാനുള്ള വിലക്കും നീക്കി. സ്‌കൂളുകളില്‍ ആറാം ക്ലാസുകള്‍ മുതല്‍ തുറക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. അതേസമയം, ഡല്‍ഹിയിലെ വായുഗുണനിലവാരം ഇപ്പോഴും മോശം നിലയിലാണെന്നാണ് കണക്കുകളില്‍ നിന്നും മനസിലാക്കുന്നത്. വായുമലിനീകരണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്‌കൂളുകള്‍ അടച്ചിരുന്നു. സുപ്രീം കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് തീരുമാനമുണ്ടായത്.

മലിനീകരണത്തിനിടയില്‍ സ്‌കൂളുകള്‍ തുറന്നിരുന്നു. എന്നാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്നായിരുന്നു തീരുമാനം.അന്തരീക്ഷ മലിനീകരണം തടയാന്‍ സ്വീകരിച്ച നടപടികളില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

Top