ലോകകപ്പ് ഫുട്ബോള്‍ ഫൈനൽ മത്സരത്തിന് ഉപയോഗിച്ച പന്ത് ലേലത്തിന്

ലണ്ടന്‍: ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച പന്ത് ലേലത്തിന്. പത്ത് ലക്ഷം റിയാൽ(ഏകദേശം രണ്ട് കോടി 17 ലക്ഷം രൂപ) അൽ ഹിൽമ് എന്ന ഈ പന്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബിയിൽ അൽ ഹിൽമ് എന്നാൽ സ്വപ്നമെന്നാണ് അര്‍ത്ഥം. ആ പേരിനെ അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഖത്തര്‍ ലോകകപ്പിന്റെ ഫൈനൽ.

എല്ലാം ഒരു സ്വപ്നം പോലെ തോന്നുമിപ്പോൾ. ലിയോണൽ മെസ്സിയുടെ അര്‍ജന്റീനയും കിലിയൻ എംബാപ്പെയുടെ ഫ്രാൻസും സമ്മാനിച്ചത് സ്വപ്നം പോൽ സുന്ദരമായ മത്സരമായിരുന്നു. ഭാഗ്യ നിര്‍ഭാഗ്യങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ ഒടുവിൽ അര്‍ജന്റീന കിരീടം നേടിയത് ഷൂട്ടൗട്ടിൽ.

കലാശപ്പോരിന് ഉപയോഗിച്ച പന്ത് സ്വന്തമാക്കാനാണ് ഇപ്പോൾ ആരാധകര്‍ക്ക് അവസരം കൈവന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ നോര്‍ത്താംടണ്‍ ഓക്ഷൻ ഹൗസ് വഴിയാണ് ലേലം. ജൂണ്‍ ആറ്, ഏഴ് തീയതികളിലായി ഓണ്‍ലൈനായി ലേലം നടക്കും. ഏകദേശം പത്ത് ലക്ഷം റിയാൽ (2 കോടി17 ലക്ഷം രൂപ) പന്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഡിഡാസ് നടത്തിയ വിന്‍ എ മാച്ച് ബോള്‍ മത്സരത്തില്‍ വിജിയിയായ വ്യക്തിക്ക് ഫൈനലിന് ശേഷം പന്ത് കൈമാറിയിരുന്നു. ഇതാണിപ്പോള്‍ ലേലത്തിന് വെക്കുന്നത്. ആരാണ് പന്ത് സ്വന്തമാക്കിയതെന്ന കാര്യം അജ്ഞാതമാണ്. അഡിഡാസ് നടത്തിയ മത്സരത്തില്‍ വിജയി ആയെന്ന് ആദ്യം ഇയാള്‍ വിശ്വസിച്ചിരുന്നില്ലെന്നും പിന്നീട് പന്ത് കൈവശമെത്തിയപ്പോഴാണ് വിശ്വാസമായതെന്നും ഗ്രഹാം ബഡ് ഓക്ഷന്‍സ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ലിയോണൽ മെസ്സിയുടെ വിശ്വകിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച, എംബപ്പെയ്ക്ക് ഹാട്രിക് സമ്മാനിച്ച അൽ ഹിൽമ് വാങ്ങാനായി എന്തായാലും വാശിയേറിയ ലേലം നടക്കുമെന്നുറപ്പാണ്. 2022 നവംബര്‍ 20ന് ഖത്തറിലെ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീന ഫ്രാന്‍സിനെ തോല്‍പ്പിച്ചത്. 80 മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിട്ടു നിന്ന അര്‍ജന്റീനക്കെതിരെ കിലിയന്‍ എംബാപ്പെ രണ്ട് മിനിറ്റിനുള്ളില്‍ നേടിയ രണ്ട് ഗോളുകളിലൂടെ തിരിച്ചടിച്ച ഫ്രാന്‍സ് സമനില പിടിച്ചു.

പിന്നീട് എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയില്‍ വീണ്ടും ലീഡെടുത്ത അര്‍ജന്‍റീനയെ കളി തീരാന്‍ മൂന്ന് മിനിറ്റ് ബാക്കിയിരിക്കെ എംബാപ്പെ നേടിയ പെനല്‍റ്റി ഗോളിലൂടെ ഫ്രാന്‍സ് സമനില പിടിക്കുകയായിരുന്നു. ഇതിനുശേഷമായിരുന്നു പെനല്‍റ്റി ഷൂട്ടൗട്ട്.

Top