റിങ്കു സിങ് അടിച്ച പന്ത് ചെന്നുകൊണ്ടത് കുട്ടിക്രിക്കറ്ററുടെ തലയ്ക്ക്;സമ്മാനം നല്‍കി ആശ്വസിപ്പിച്ച് താരം

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ് അടിച്ച പന്ത് ചെന്നുകൊണ്ടത് കുട്ടിക്രിക്കറ്ററുടെ തലയ്ക്ക്. നെറ്റ്സില്‍ പരിശീലനത്തിനിടെ സിക്സടിച്ചപ്പോഴാണ് പന്ത് കുട്ടിയുടെ തലയില്‍ കൊണ്ടത്. തല്‍ക്ഷണംതന്നെ റിങ്കു സിങ് കുട്ടിയുടെ അടുത്തെത്തി മാപ്പു പറഞ്ഞു.

ഇന്ത്യന്‍ യുവ ക്രിക്കറ്റര്‍മാരിലെ പേരുകേട്ട ബിഗ് ഹിറ്ററാണ് റിങ്കു സിങ്. നേരത്തേ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 മത്സരത്തിലെ റിങ്കുവിന്റെ ഒരു സിക്സ്, കമന്ററി ബോക്സിന്റെ ചില്ലു തകര്‍ത്തിരുന്നു.റിങ്കു സിങ്ങിനൊപ്പമുണ്ടായിരുന്ന ബാറ്റിങ് പരിശീലകന്‍ അഭിഷേക് നായര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തൊപ്പി കുട്ടിക്ക് സമ്മാനിക്കുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമം വഴി പങ്കുവെച്ചിട്ടുണ്ട്. തലയുടെ മുന്‍ഭാഗത്താണ് പന്തു കൊണ്ടത്. ഇരുവരും ചേര്‍ന്ന് കുട്ടിയെ സമാശ്വസിപ്പിക്കുന്നതും അഭിഷേക് നായര്‍ തൊപ്പി കൈമാറുന്നതും വീഡിയോയില്‍ കാണാം. തൊപ്പിയിന്മേല്‍ റിങ്കു സിങ് ഒപ്പിട്ടുനല്‍കുന്നതും വീഡിയോയിലുണ്ട്.

Top