വിപണി മോശം, വില്‍പ്പന കുത്തനെ ഇടിഞ്ഞു ; ഹോണ്ട മൊബിലിയൊ പിന്‍വലിക്കുന്നു

ദ്യോഗിക പ്രഖ്യാപനമൊന്നുമില്ലാതെ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘മൊബിലിയൊ’യെ ഹോണ്ട കാറ്‌സ് ഇന്ത്യ ലിമിറ്റഡ് (എച്ച് സി ഐ എല്‍) പിന്‍വലിച്ചെന്നു സൂചന.

കമ്പനി വെബ്‌സൈറ്റിലെ മോഡല്‍ പട്ടികയില്‍ നിന്ന് ഹോണ്ട ‘മൊബലിയൊ’യെ ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല, ജി എസ് ടി നിലവില്‍ വന്ന ശേഷം കമ്പനി പ്രഖ്യാപിച്ച ഔദ്യോഗിക വിലവിവരപ്പട്ടികയിലും ‘മൊബിലിയൊ’ ഉള്‍പ്പെടുന്നില്ല.

വിപണന സാധ്യതയേറിയ എം പി വി വിഭാഗത്തില്‍ 2014 ജൂലൈയിലാണു ഹോണ്ട ‘മൊബിലിയൊ’ അവതിപ്പിച്ചത്. എന്നാല്‍ മൂന്നു വര്‍ഷത്തിനകം ‘മൊബിലിയൊ’ നിശ്ശബ്ദമായി വിട ചൊല്ലുകയാണ്.

ഹാച്ച്ബാക്കായ ‘ബ്രിയൊ’പ്ലാറ്റ്‌ഫോമില്‍ സാക്ഷാത്കരിച്ച ‘മൊബിലിയൊ’യുടെ വില നിയന്ത്രിക്കാന്‍ സ്വീകരിച്ച നടപടികളാണ് മാരുതി സുസുക്കി ‘എര്‍ട്ടിഗ’യുമായുള്ള മത്സരത്തില്‍ ഈ എം പി വിക്കു പ്രതിച്ഛായ നഷ്ടമാക്കിയതെന്നാണു വിലയിരുത്തല്‍. അരങ്ങേറ്റം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടതോടെ ‘മൊബിലിയൊ’ വില്‍പ്പന കുത്തനെ ഇടിഞ്ഞു തുടങ്ങി.

ഇതോടെ കഴിഞ്ഞ വര്‍ഷം ഏഴു സീറ്റുള്ള ക്രോസോവറായ ‘ബി ആര്‍-വി’യും ഹോണ്ട വില്‍പ്പനയ്‌ക്കെത്തിച്ചു. ഒരേ പ്ലാറ്റ്‌ഫോമിലാണു നിര്‍മാണമെങ്കിലും കാഴ്ചപ്പകിട്ടും നവീകരിച്ച അകത്തളവും സമാനമായ വിലയുമൊക്കെയായി ‘മൊബിലിയൊ’യെ അപേക്ഷിച്ചു മെച്ചപ്പെട്ട പാക്കേജാണു ‘ബി ആര്‍-വി’ വാഗ്ദാനം ചെയ്തത്.

ഇതോടെ നില കൂടുതല്‍ പരുങ്ങലിലായ ‘മൊബിലിയൊ’യുടെ ഉല്‍പ്പാദനം തന്നെ കഴിഞ്ഞ ഫെബ്രുവരിയോടെ ഹോണ്ട നിര്‍ത്തിയിരുന്നു.

അതിനിടെ ഇന്തൊനേഷ്യയില്‍ ഹോണ്ട പരിഷ്‌കരിച്ച ‘മൊബിലിയൊ’ വില്‍പ്പനയ്‌ക്കെത്തിച്ചിരുന്നു. എന്നാല്‍, ഈ മോഡല്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമോ എന്ന് ഇതുവരെ വ്യക്തമല്ല.

Top