കണ്ടുനിന്നവരുടെ കണ്ണുകള്‍ നനയിക്കും.. നിര്‍ജീവമായ അമ്മയുടെ മുലപ്പാലിന് ശ്രമിക്കുന്ന കുഞ്ഞ്

ഭോപ്പാല്‍: നിര്‍ജീവമായ അമ്മയുടെ മാറിടം തനിയ്ക്കായി ഇനിയും ചുരത്തില്ലെന്ന് മനസ്സിലാക്കാന്‍ അവന് അറിവായിട്ടില്ല. മരണം അമ്മയെ കീഴടക്കിയിട്ടും മുലപ്പാലിനായുള്ള അവന്റെ വിഫലമായ ശ്രമം കണ്ടു നിന്നവരുടെ പോലും കണ്ണുനനയിക്കും.

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ ഡമായില്‍ റെയില്‍വേ ട്രാക്കിന് സമീപം മരിച്ചു കിടക്കുന്ന അമ്മയുടെ മുല കുടിക്കാന്‍ ശ്രമിക്കുന്ന കുട്ടിയെ ബുധനാഴ്ച രാവിലെ പ്രദേശവാസികളാണ് കണ്ടെത്തിയത്.

ആളുകള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു.

സ്ത്രീ ട്രെയിനില്‍ നിന്ന് വീണതോ, ട്രെയിന്‍ തട്ടി മരിച്ചതോ ആകാം, തലയിടിച്ച് വീണത് മൂലമുള്ള രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആളുകള്‍ കണ്ടെത്തും മുമ്പുതന്നെ സ്ത്രീ മരിച്ചിരുന്നതായി റെയില്‍വേ പോലീസ് അറിയിച്ചു.

മരിച്ച സ്ത്രീയെ തിരിച്ചറിയാന്‍ പോലീസ് ശ്രമിച്ചെങ്കിലും സൂചനകള്‍ ഒന്നും പരിസരത്തുനിന്ന് ലഭിച്ചിരുന്നില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ബന്ധുക്കളെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ നോട്ടീസ് പ്രസിദ്ധീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധീര്‍ വിദ്യാര്‍ത്ഥി അറിയിച്ചു

Top