വരാപ്പുഴ കസ്റ്റഡി മരണം പ്രതിപക്ഷ ബഹളം, നിയമസഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ തല്‍ക്കാലത്തേക്ക് നിര്‍ത്തി. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധത്തില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹളം വെക്കുന്നത്. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ബാനറും ഉയര്‍ത്തി. ബഹളത്തെ തുടര്‍ന്ന് താല്‍ക്കാലികമായി സഭ സ്പീക്കര്‍ നിറുത്തിവച്ചു. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയ നോട്ടീസ്.

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അന്വേഷണം സ്തംഭിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. വി.ഡി.സതീശനാണ് നോട്ടീസ് നല്‍കിയത്. പ്രതികള്‍ പലരും രക്ഷപ്പെടുന്ന സാഹചര്യമാണെന്ന് വി.ഡി.സതീശന്‍ ആരോപിച്ചു. എന്നാല്‍ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. നിലവില്‍ കോടതിയിലിരിക്കുന്ന വിഷയമാണ് ഇതെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് സഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. അംഗങ്ങളോട് ശാന്തരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സഭ സുഗമമായി നടക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്ന് സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

Top