ഗൂഗിളിന്റെ മേധാവി സ്ഥാനം സുന്ദര്‍ പിച്ചൈ ഒഴിയണമെന്ന വാദം ശക്തമാകുന്നു

സുന്ദര്‍ പിച്ചൈ ഗൂഗിള്‍ മേധാവി സ്ഥാനമൊഴിയണമെന്ന വാദം ശക്തമാകുന്നു. സുന്ദര്‍ പിച്ചൈ ആല്‍ഫബെറ്റിന്റെ മേധാവിസ്ഥാനത്ത് ഇരുന്നാല്‍ മതിയെന്നും ഗൂഗിളിന്റെ സിഇഒ സ്ഥാനത്തേക്ക് മറ്റൊരാളെ പരിഗണിക്കുന്നതാണ് ഉചിതമെന്നുമുള്ള അഭിപ്രായങ്ങളും ഉയരുന്നുണ്ട്. നേരത്തെ ജെമിനിയുടെ മുന്‍ഗാമിയായ ബാര്‍ഡ് ചാറ്റ്ബോട്ട് അവതരിപ്പിക്കുന്ന സമയത്ത് ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് തെറ്റായ മറുപടി നല്‍കിയത് കമ്പനിക്ക് വലിയ നാണക്കേടായി മാറി.

നിര്‍മാണംപൂര്‍ത്തിയാകാത്ത ഉല്പന്നങ്ങള്‍ ഗൂഗിള്‍ തിരക്ക് പിടിച്ച് വിപണിയില്‍ ഇറക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു. ഗൂഗിളിനെ പോലൊരു കമ്പനി ഉപഭോക്താക്കളിലേക്ക് ഒരു ഉല്പന്നം എത്തിക്കുന്നതിന് മുമ്പ് പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുക. കമ്പനിയുടെ വലിയൊരു പ്രശ്നമായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. എഐ മത്സരത്തില്‍ പരാജയപ്പെടാതിരിക്കാന്‍ ഒരു സ്റ്റാര്‍ട്ട് അപ്പിന്റെ നിലവാരത്തിലേക്ക് കമ്പനി താഴുകയാണെന്ന ആക്ഷേപവും ഉയര്‍ന്നു. ഇക്കാരണത്താല്‍, ഗൂഗിള്‍ മത്സരത്തില്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. 2000ന്റെ തുടക്കത്തില്‍ സ്മാര്‍ട്ഫോണ്‍ സാങ്കേതിക വിദ്യാ രംഗത്ത് ഗൂഗിളിനോടും ആപ്പിളിനോടും പരാജയപ്പെട്ട മൈക്രോസോഫ്റ്റിന്റെ അന്നത്തെ സിഇഒ സ്റ്റീവ് ബാള്‍മറിനോടും സുന്ദര്‍ പിച്ചൈയെ താരതമ്യം ചെയ്യുകയാണിപ്പോള്‍. അന്ന് ഐഒഎസുമായി ആപ്പിളും ആന്‍ഡ്രോയിഡുമായി ഗൂഗിളും വിപണി പിടിച്ചടക്കി. ഇപ്പോള്‍ ഗൂഗിളിനെ പിന്നിലാക്കി ഓപ്പണ്‍ എഐയും മറ്റ് കമ്പനികളും എഐ രംഗത്ത് മുന്നേറുന്നുണ്ട്. വരുന്ന യുഗത്തിലേക്ക് ഗൂഗിളിനെ നയിക്കാന്‍ പ്രാപ്തമായ മാനേജ്മെന്റ് ടീം ഇതാണോ ഇതെന്ന ചോദ്യങ്ങളാണ് ഉയരുന്നതെന്നും വിദഗ്ദരെ ഉദ്ധരിച്ച് ബിസിനസ് ഇന്‍സൈഡര്‍ പറഞ്ഞു.

Top