ഫെബ്രുവരി 2 മുതല്‍ ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്സെറ്റ് വില്‍പനയ്ക്കെത്തുന്നു

ഫെബ്രുവരി 2 മുതല്‍ ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്സെറ്റ് വില്‍പനയ്ക്കെത്തു. കമ്പനി സിഇഒ ടിം കുക്ക് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആപ്പിള്‍ പുറത്തിറക്കുന്ന ആദ്യ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് ആണിത്. സ്പേഷ്യല്‍ കംപ്യൂട്ടിങിന്റെ പുതുയുഗപ്പിറവിയായിരിക്കും ഈ ഉപകരണം എന്ന നിലയിലാണ് ആപ്പിള്‍ വിഷന്‍ പ്രോ ഹെഡ്സെറ്റ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. ഹെഡ്സെറ്റിന്റെ വില്‍പന ആരംഭിക്കുന്ന തീയ്യതി പ്രഖ്യാപിച്ചുകൊണ്ട് ട്വീറ്റില്‍ ടിം കുക്ക് പറയുന്നതും സ്പേഷ്യല്‍ കംപ്യൂട്ടിങ് യുഗം എത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ടിം കുക്ക് വിഷന്‍ പ്രോ ഹെഡ്സെറ്റ് അവതരിപ്പിച്ചത്.

3499 ഡോളര്‍ ആണ് (2,91,046 രൂപ) ആപ്പിള്‍ വിഷന്‍ പ്രോയുടെ വില. ഇതിനൊപ്പം സെയ്സിന്റെ (Zeiss) പ്രിസ്‌ക്രിപ്ഷന്‍ ലെന്‍സുകളും ആളുകള്‍ക്ക് തിരഞ്ഞെടുക്കാം. 149 ഡോളറാണ് ഇതിന് വില. വിഷന്‍ പ്രോയുടെ ബേസ് മോഡലിന് 256 ജിബി സ്റ്റോറേജും സോളോ നിറ്റ് ബാന്‍ഡ്, ഡ്യുവല്‍ ലൂപ്പ് ബാന്‍ഡ്, ലൈറ്റ് സീല്‍, ടൂ ലൈറ്റ് സീല്‍ കുഷ്യനുകള്‍, ആപ്പിള്‍ വിഷന്‍ പ്രോ കവര്‍, പോളിഷിങ് ക്ലോത്ത്, ബാറ്ററി, യുഎസ്ബി സി ചാര്‍ജിങ് കേബിള്‍ യുഎസ്ബി സി അഡാപ്റ്റര്‍ തുടങ്ങിയ വിവിധ ആക്സസറികളും 4കെ ഡിസ്പ്ലേയാണ് ഹെഡ്സെറ്റിലുള്ളത്. ഓഗ്മെന്റഡ് റിയാലിറ്റിയും വിര്‍ച്വല്‍ റിയാലിറ്റിയും മാറിമാറി ഉപയോഗിക്കാന്‍ ഉപഭോക്താവിന് സാധിക്കും. ആപ്പിളിന്റെ എം2, ആര്‍1 ചിപ്പുകളിലാണ് ഹെഡ്സെറ്റിന്റെ പ്രവര്‍ത്തനം. ഇതിന് പുറമെ കണ്ണുകള്‍, തല, കൈകള്‍ എന്നിവയുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യാനും ഹെഡ്സെറ്റിന് സാധിക്കും. ഇതുവഴി കണ്‍ട്രോളര്‍ ഇല്ലാതെ തന്നെ ഹെഡ്സെറ്റ് നിയന്ത്രിക്കാനുമാവും. ആപ്പിള്‍ അവതരിപ്പിച്ച പുതിയ വിഷന്‍ ഓഎസിലാണ്് ഹെഡ്സെറ്റിന്റെ പ്രവര്‍ത്തനം. എന്നാല്‍ ഐഫോണ്‍, ഐപാഡ് ആപ്പുകള്‍ ഇതില്‍ തടസമില്ലാതെ പ്രവര്‍ത്തിക്കും.

Top