ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു, അസാധാരണ വിധിയായി കാണുന്നില്ല; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പുതുപ്പളളിയില്‍ യുഡിഎഫ് വിജയത്തിന്റെ പ്രധാന ഘടകം സഹതാപ തരംഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭരണ വിരുദ്ധ തരംഗമടക്കം പ്രതിഫലിച്ചു. തെരഞ്ഞെടുപ്പ് ഫലം താത്കാലികം മാത്രമാണ്. അസാധാരണ വിധി എഴുത്തായി വിലയിരുത്തേണ്ടതില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി വോട്ട് യുഡിഎഫിന് കിട്ടി എന്ന എംവി ഗോവിന്ദന്റെ ആരോപണത്തിനും സുരേന്ദ്രന്‍ മറുപടി പറഞ്ഞു. സര്‍ക്കസിലെ കോമാളികള്‍ പോലും ഇത്തരം തമാശ പറയില്ല. വിഡ്ഢിത്തം ജനങ്ങള്‍ക്ക് മനസ്സിലാകും. വോട്ട് കുറഞ്ഞില്‍ സംഘടനാപരമായ വീഴ്ച എന്തെങ്കിലും ഉണ്ടോ എന്നത് അടക്കം പരിശോധിക്കും. വോട്ട് കുറഞ്ഞതിന് മറ്റുള്ളവരെ പഴിക്കുന്ന നിലപാട് വാസവനും ഗോവിന്ദനും ആണ് ഉള്ളത്.

അതേസമയം യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നു എന്ന് സിപിഐഎം സംസ്ഥാന അധ്യക്ഷന്‍ എംവി ഗോവിന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപം വിജയത്തിനടിസ്ഥാനമായിട്ടുണ്ട്. ഇടതുപക്ഷ മുന്നണിയുടെ അടിത്തറയില്‍ മാറ്റം സംഭവിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Top