രാജ്യത്തെ പകുതിയിലധികം കർഷകർക്കും വൻ കടബാധ്യത;വാർഷിക വിശകലന സർവേ റിപ്പോർട്ട് പുറത്ത്

രാജ്യത്തെ പകുതിയിലധികം കർഷകകുടുംബങ്ങളും വൻ കടബാധ്യത പേറുന്നവരാണെന്ന് കേന്ദ്രസർക്കാരിന്റെ വാർഷിക വിശകലന സർവേ റിപ്പോർട്ട്. റിപ്പോർട്ടുപ്രകാരം 2021-ലെ ഒരു കർഷകകുടുംബത്തിന്റെ ശരാശരി കടബാധ്യത 74,121 രൂപയാണ്. 2013-ൽ 47,000 രൂപയായിരുന്ന സ്ഥാനത്താണിത്. 57 ശതമാനം വർധന.

താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുയർത്തിയുള്ള കർഷകസമരം ചൂടുപിടിക്കുന്നതിനിടയിലാണ് സർവേ റിപ്പോർട്ട് ചർച്ചയാവുന്നത്. ബാങ്കുകൾ, സഹകരണസംഘങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ എന്നിവ വഴിയെടുത്ത കാർഷിക വായ്പക്കുടിശ്ശിക 69.6 ശതമാനംവരും. 20.5 ശതമാനം വായ്പകളും കാർഷിക, പ്രൊഫഷണൽ പണമിടപാടുകാരിൽനിന്നെടുത്തവയാണ്.

2013-നും 2019-നുമിടയിൽമാത്രം രാജ്യത്തെ കടബാധ്യതപേറുന്ന കർഷകരുടെ എണ്ണം 902 ലക്ഷത്തിൽനിന്ന് 930 ലക്ഷമായി ഉയർന്നു. 2019 ജനുവരിമുതൽ ഡിസംബർവരെയായിരുന്നു സർവേ. 2018-19 കാർഷികവർഷത്തിലെ വിവരങ്ങളാണ് പ്രധാനമായും ശേഖരിച്ചത്.

റിപ്പോർട്ടുപ്രകാരം രാജ്യത്ത് 9.3 കോടി കർഷികകുടുംബങ്ങളാണ് ആകെ. ഇവരിൽ 54 ശതമാനവും ഗ്രാമീണമേഖലയിലാണ്. ഒരു ഹെക്ടറിൽത്താഴെ ഭൂമിയുള്ള കർഷകകുടുംബങ്ങൾ 70.4 ശതമാനം വരും. 10 ഹെക്ടറിനുമുകളിൽ ഭൂമിയുള്ള കർഷകകുടുംബങ്ങൾ വെറും 0.4 ശതമാനം മാത്രം.

കർഷകകുടുംബങ്ങളിൽ സ്ഥിരവേതനമുള്ളവർ 7.7 ശതമാനമേ വരൂ. 2.6 ശതമാനം ഭൂരഹിതരായ കർഷകകുടുംബങ്ങളുണ്ട്. ഒരു കുടുംബത്തിന്റെ ശരാശരി കൃഷിഭൂമി 0.876 ഹെക്ടറാണ്.

 

Top