പ്രതിപക്ഷ സഖ്യ പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിൽ തീരുമാനമായേക്കും

ദില്ലി: പ്രതിപക്ഷ സഖ്യ പ്രഖ്യാപനത്തിന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം തീരുമാനമെടുത്തേക്കും. ലോക് സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യത്തിനുളള രാഷ്ട്രീയ പ്രമേയം അടുത്തയാഴ്ച ചേരുന്ന പ്ലീനറിയില്‍ അവതരിപ്പിക്കും. 2024 ലോക് സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ റോഡ് മാപ്പാകും റായ്പൂര്‍ പ്ലീനറി സമ്മേളനം. ഒറ്റയ്ക്ക് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടന ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞാണ് സമാനമനസ്കരുമായി കൈകോര്‍ക്കാനുള്ള തീരുമാനം.

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഈ നീക്കത്തിന് നാന്ദിയാകുകയും ചെയ്തു. 21 പ്രതിപക്ഷ പാര്‍ട്ടികളെ യാത്രയുടെ സമാപനസമ്മേളനത്തിലേക്ക് ക്ഷണിച്ചെങ്കിലും കൈകോര്‍ക്കാന്‍ സന്നദ്ധമാണെന്ന സന്ദേശവുമായി എട്ട് പാര്‍ട്ടികളെത്തിയിരുന്നു. പിന്തിരിഞ്ഞു നില്‍ക്കുന്ന പാര്‍ട്ടികളുമായി കോണ്‍ഗ്രസിന്റെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ ചര്‍ച്ച നടത്തി സഖ്യത്തിനുള്ള വഴി തെളിക്കാനാണ് നീക്കം.

കോണ്‍ഗ്രസ് മുന്‍പോട്ട് വന്നാല്‍ സഖ്യം സാധ്യമാകുമെന്നും ബിജെപിയെ നൂറ് സീറ്റിന് താഴെ തളയ്ക്കാമെന്നുമാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയത്. പ്ലീനറി സമ്മേളനത്തിന് പിന്നാലെ നിതീഷ്കുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കാണും. നേരത്തെ ലാലുപ്രസാദുമായെത്തി സോണിയ ഗാന്ധിയെ കണ്ടിരുന്നെങ്കിലും ചര്‍ച്ചകള്‍ തുടര്‍ച്ചയുണ്ടായില്ല.

അതേ സമയം ആംആദ്മി പാര്‍ട്ടി. തൃണമൂല്‍ കോണ്‍ഗ്രസ്, ബിആര്‍എസ് തുടങ്ങിയ കക്ഷികളെ എങ്ങനെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ കഴിയുമെന്നതും ചോദ്യമാണ്. ഭാരത് ജോഡോ യാത്രയിലേക്കടക്കം പ്രതിപക്ഷ സഖ്യത്തിനുള്ള ക്ഷണം നിരസിച്ച പാര്‍ട്ടികളുടെ സമീപനത്തില്‍ ഇപ്പോഴും കാര്യമായ മാറ്റം ദൃശ്യമല്ല. ഈ കക്ഷികളുടെ സഖ്യ ആഹ്വാനത്തോട് കോണ്‍ഗ്രസ് മുന്‍പ് മുഖം തിരിച്ചതും, പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനം കൈയാളാനുള്ള മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, ചന്ദ്രശേഖര്‍ റാവു എന്നിവരുടെ മോഹവും നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്.

Top