ട്വിറ്ററിന്റെ ഇന്ത്യൻ ബദലിനെതിരെ ആരോപണങ്ങൾ ശക്തം

ട്വിറ്ററിൻ്റെ ഇന്ത്യൻ ബദൽ എന്ന അവകാശവാദത്തോടെ എത്തിയ മൈക്രോബ്ലോഗിംഗ് സൈറ്റ് കൂവിനെതിരെ ഗുരുതര ആരോപണങ്ങൾ. കൂവിൽ ചൈനീസ് നിക്ഷേപമുണ്ടെന്നാണ് ഉയരുന്ന ഒരു ആരോപണം. ഇത് “കൂ” സ്ഥാപകനായ രാധകൃഷ്ണ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യൻ വെബ്സൈറ്റ് എന്ന ടാഗ്‌ലൈനോടെ എത്തിയ “കൂ “വ്യക്തിവിവരങ്ങൾ ചോർത്തുന്നു എന്നും ആരോപണമുണ്ട്. ഫ്രഞ്ച് ഹാക്കർ എലിയട്ട് ആൽഡേഴ്സൺ ആണ് ഈ ആരോപണങ്ങൾ നടത്തിയത്.

“കൂ “വ്യക്തിവിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് ട്വിറ്ററിലൂടെയാണ് എലിയട്ട് ആൽഡേഴ്സൺ ആരോപിച്ചത്. തെളിവുകൾ അടക്കമാണ് ഫ്രഞ്ച് ഹാക്കറുടെ ആരോപണം. ആപ്പ് ഇമെയിൽ വിലാസം, പേര്, ലിംഗം തുടങ്ങിയ വിവരങ്ങൾ ചോർത്തുന്നു എന്നായിരുന്നു ആരോപണം. ആൽഡേഴ്സണിൻ്റെ സ്ക്രീൻഷോട്ടുകൾ പ്രകാരം ആപ്പ് ഡൊമൈൻ രജിസ്റ്റർ ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. രജിസ്ട്രൻ്റ് ചൈനയിലാണ് ഉള്ളത്.

അതേസമയം, ചെനീസ് രജിസ്ട്രൻ്റ് എന്ന ആരോപണത്തെ രാധാകൃഷ്ണ നിഷേധിച്ചു. ഐപി ലൊക്കേഷൻ മുംബൈയിലാണെന്ന് കാണിക്കുന്ന സ്ക്രീൻഷോട്ട് പങ്കുവച്ചാണ് രാധാകൃഷ്ണ ഈ ആരോപണത്തിനെതിരെ പ്രതികരിച്ചത്.

Top