ജഡ്ജിക്കെതിരായ ആക്ഷേപം വിലപ്പോവില്ല, അതിജീവതയുടേത് ‘അതിരുവിട്ട’ ആരോപണം

ക്തമായ ഒരു തിരിച്ചടിയാണ് അതിജീവതയ്ക്ക് ഹൈക്കോടതിയിൽ നിന്നും ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ചോദിച്ചു വാങ്ങിയ പ്രഹരം തന്നെയാണിത്. ജുഡീഷ്യറി എന്നു പറഞ്ഞാൽ ആർക്കും അടിസ്ഥാനമില്ലാതെ വിമർശിക്കാവുന്ന ഒന്നല്ല എല്ലാറ്റിനും ഒരു പരിധിയൊക്കെ ഉണ്ട്. ആ പരിധി ലംഘിച്ച് ആരോപണം ഉന്നയിച്ചതിനാണ് ഇപ്പോഴത്തെ താക്കീത്. വിചാരണക്കോടതി ജഡ്ജിക്കെതിരേ ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് തൃപ്തികരമായ ഒരു മറുപടിയും നൽകാൻ അതിജീവതയുടെ അഭിഭാഷകക്ക് കഴിഞ്ഞിട്ടില്ല.

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ പെന്‍ഡ്രൈവ് വിചാരണ കോടതിയില്‍ നിന്നാണ് തുറന്നതെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചതാണ് ഹൈക്കോടതിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. “പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് അതിജീവിതയുടെ അഭിഭാഷകയുടെ മറുപടിയും കോടതിയുടെ രൂക്ഷ വിമർശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. “പ്രോസിക്യൂഷന്‍ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയാണോയെന്ന” മറുചോദ്യമുയർത്തിയാണ് ഹൈക്കോടതി ഇതിനെ നേരിട്ടിരിക്കുന്നത്.

“കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എവിടെനിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നും ആരെല്ലാമാണ് ഇത് കണ്ടതെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടുമില്ല. ഈ അവസ്ഥയിൽ, അന്വേഷണം പൂര്‍ത്തിയാകുംമുമ്പ് വിചാരണ കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന ആക്ഷേപം എന്തടിസ്ഥാനത്തിലാണെന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. ആരോപണങ്ങളെ സാധൂകരിക്കുന്ന എന്ത് തെളിവാണുള്ളതെന്ന കോടതിയുടെ ചോദ്യത്തിനും അതിജീവതയുടെ അഭിഭാഷകക്ക് മറുപടിയുണ്ടായിരുന്നില്ല. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ചാല്‍ സ്വാഭാവികമായി കോടതി ചെലവ് കൂടി ചുമത്തേണ്ടി വരുമെന്ന മുന്നറിയിപ്പും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ അടുത്തു നിന്നുമുണ്ടായിട്ടുണ്ട്. ഹർജിയിൽ നിന്നും പിൻമാറിയാലും വിചാരണ കോടതി ജഡ്ജിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചാൽ നടപടിയുണ്ടാകുമെന്നു തന്നെയാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ദിലീപിനെ കക്ഷി ചേർക്കുന്നതിനെ എതിർത്ത അതിജീവതയുടെ വാദവും ഹൈക്കോടതി തള്ളിക്കളഞ്ഞിട്ടുണ്ട് പ്രോസിക്യൂഷനെ സംബന്ധിച്ച് ഇതും ഒരു തിരിച്ചടിയാണ്.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യാഗസ്ഥരെയും ഹൈകോടതിയുടെ ഈ നടപടി ഞെട്ടിച്ചിട്ടുണ്ട്. അതിജീവതയെ മുൻ നിർത്തി വിചാരണ കോടതിയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നത് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥർ ആണെന്നതാണ് ദിലീപിൻ്റെ ആരോപണം. മാധ്യമങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകി പൊതു സമൂഹത്തെ തെറ്റിധരിപ്പിക്കാൻ നിരന്തരം ശ്രമങ്ങൾ നടക്കുന്നതായാണ് കുറ്റപ്പെടുത്തൽ. ഈ വാദത്തെ തെളിവുകൾ സഹിതം ഹൈക്കോടതിയെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് വീണ്ടും ദിലീപിൻ്റെ അഭിഭാഷകർക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ചാനൽ ചർച്ചകളിൽ ഇരുന്ന് ചിലർ കഥകൾ മെനയുകയാണെന്നും ഇതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും നേരത്തെ തന്നെ ദിലീപ് ആരോപിച്ചിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെയും വിചാരണ കോടതി ജഡ്ജിക്കെതിരെയും ചാനൽ ചർച്ചകളിൽ ഇരുന്ന് ഗുരുതര ആരോപണമുന്നയിച്ചത് പ്രധാനമായും രണ്ട് അഭിഭാഷകരാണ്, അവരാകട്ടെ ഇപ്പോൾ അതിജീവതയുടെ അഭിഭാഷകരുമാണ്. അന്വേഷണ സംഘം നൽകിയ വിവരങ്ങളും മാധ്യമ വാർത്തകളും കണ്ട് വിമർശനമുന്നയിച്ച ഇവർക്കും ഇനി ഇതിനെല്ലാം എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും. ചാനലുകളിലൂടെ ഈ അഭിഭാഷകർ ഉന്നയിച്ച ആരോപണങ്ങളുടെ ദൃശ്യങ്ങളടക്കം കോടതിയിൽ ഹാജരാക്കാൻ ദിലീപിൻ്റെ അഭിഭാഷകരും തീരുമാനിച്ചിട്ടുണ്ട്. കോടതി നടപടിക്രമങ്ങളെയാകെ മീഡിയകളെ മുൻ നിർത്തി ചോദ്യം ചെയ്യുന്നത് കോടതിയോടുള്ള വെല്ലുവിളിയായി കാണണമെന്നതാണ് അവരുടെ വാദം. ഇക്കാര്യത്തിൽ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാടും ഏറെ നിർണ്ണായകമാകും. ഇപ്പോൾ തന്നെ ഹൈക്കോടതിയുടെ വിമർശനത്തിൽ ചാനൽ ‘ബുദ്ധിജീവികൾ’ പകച്ചു നിൽക്കുകയാണ്. ഇനിയും വിചാരണ കോടതി ജഡ്ജിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ചാൽ അത് ആരായാലും കർശന നടപടി നേരിടേണ്ടി വരുമെന്നതാണ് ഇവരെയും ആശങ്കപ്പെടുത്തുന്നത്.

വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെതിരായ ആരോപണങ്ങളിൽ നിയമ കേന്ദ്രങ്ങളിലും കടുത്ത പ്രതിഷേധമാണ് ഉള്ളത്. കോടതിക്കെതിരായ അടിസ്ഥാന രഹിതമായ വിമർശനങ്ങളെ ശക്തമായി തന്നെ നേരിടണമെന്ന അഭിപ്രായമാണ് മുൻ ഹൈക്കോടതി ജഡ്ജിമാരും പങ്കുവച്ചിരിക്കുന്നത്. വിചാരണ ജഡ്ജിയുടെ രാഷ്ട്രിയ പശ്ചാത്തലവും കുടുംബ പശ്ചാത്തലവും ചൂണ്ടിക്കാട്ടിയുള്ള ആരോപണത്തിൽ സർക്കാറിനും കടുത്ത വിയോജിപ്പാണ് ഉള്ളത്. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയുടെ മകളായി പോയി എന്ന ഒറ്റ കാരണത്താൽ അവരെ ബോധപൂർവ്വം കടന്നാക്രമിക്കുന്നതായ വിലയിരുത്തൽ സി.പി.എം നേതൃത്വത്തിനുമുണ്ട്. ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥൻ്റെ പങ്കുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നതാണ് സി.പി.എം ആവശ്യപ്പെട്ടിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്നതാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ അതിജീവതയ്ക്ക് ഒപ്പം മാത്രമാണ് സർക്കാർ നിലകൊണ്ടിരിക്കുന്നത്. എന്നിട്ടും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് സർക്കാറിനെതിരെയും അതിജീവത ആരോപണമുന്നയിക്കുകയുണ്ടായി. ഇതിനു പിന്നിൽ ചില കേന്ദ്രങ്ങളുടെ ഇടപെടലുണ്ടെന്നാണ് ഭരണപക്ഷം സംശയിച്ചിരുന്നത്. ഒടുവിൽ ഇക്കാര്യത്തിൽ ശക്തമായ വിമർശനമുയർന്നതോടെ പറഞ്ഞതെല്ലാം പിൻവലിച്ച് മുഖ്യമന്ത്രിയെ സന്ദർശിച്ച് സർക്കാറിൽ വിശ്വാസം അർപ്പിക്കുകയാണ് അതിജീവത ചെയ്തിരുന്നത്.

ദിലീപിനെതിരെ ഉൾപ്പെടെ അതിജീവത നിലപാട് സ്വീകരിച്ചതും ഒപ്പമുള്ളവരും പ്രോസിക്യൂഷനും പറഞ്ഞിട്ടാണ്. അതു കൊണ്ടു തന്നെ ഇക്കാര്യം തെളിയിക്കേണ്ടതും പ്രോസിക്യൂഷൻ്റെ മാത്രം ബാധ്യതയാണ്. ആ ഉത്തരവാദിത്വമാണ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും നിറവേറ്റേണ്ടത്. അതല്ലാതെ വിചാരണ കോടതി ജഡ്ജിയെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുകയല്ല വേണ്ടത്. അങ്ങനെ ചെയ്താൽ അന്വേഷണ സംഘത്തെ തന്നെ സംശയിക്കേണ്ടി വരും.

ദിലീപ് കുറ്റം ചെയ്തെങ്കിൽ തുറങ്കിലടക്കപ്പെടട്ടെ. അക്കാര്യത്തിലും സംശയമില്ല. അതേസമയം അദ്ദേഹം നിരപരാധിയാണെങ്കിൽ അത് കോടതിയെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് നിയമപരമായ അവകാശമുണ്ട്. അതും നാം ഓർക്കേണ്ടതുണ്ട്. ഇവിടെ സർക്കാർ സംവിധാനം മുഴുവൻ അതിജീവതയ്ക്ക് ഒപ്പമാണ്. അതിജീവത ആവശ്യപ്പെട്ട പ്രകാരം അഡ്വക്കറ്റ് വി അജകുമാറിനെ തന്നെ സ്പെഷ്യൽ പ്രോസിക്യൂട്ടറായും സർക്കാർ നിയമിച്ചിട്ടുണ്ട്.

ഏത് കോടതിയായാലും അവിടെ തെളിവുകളാണ് പ്രധാനം. അത് നൽകാനാണ് അന്വേഷണ സംഘവും പ്രോസിക്യൂഷനും ശ്രമിക്കേണ്ടത്. അതല്ലാതെ വിചാരണ നീട്ടികൊണ്ടു പോകാൻ വിശ്വാസ്യയോഗ്യമല്ലാത്ത കാര്യങ്ങൾ ഉന്നയിക്കരുത്. എത്ര കാലം വിചാരണ നീണ്ടാലും ഒടുവിൽ ഈ കോടതി തന്നെയാണ് വിധി പറയേണ്ടത്. ഏത് ജഡ്ജി വന്നാലും അവർക്കും… മുന്നിലുള്ള തെളിവുകൾ തന്നെയാണ് പ്രധാനം. അതു മുൻ നിർത്തി മാത്രമേ വിധിയും പറയാൻ കഴിയുകയൊള്ളൂ. വിമർശകർ അതും ഓർക്കുന്നത് നല്ലതാണ്….

EXPRESS KERALA VIEW

Top