എസ്.എഫ്.ഐക്ക് എതിരായ ആക്ഷേപം, സുധാകരന്റെ വാദങ്ങള്‍ നിലനില്‍ക്കില്ല

സാമാന്യ ബോധം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരനുള്ളത്. വിദ്യാര്‍ത്ഥി സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടുപോയ എസ്.എഫ്.ഐ അധികാരത്തിന്റെ തണലില്‍ കലാലയങ്ങളെ കുരുതിക്കളമാക്കി ആധിപത്യം ഉറപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് അദ്ദേഹം ആരോപിച്ചിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണമെന്നത് സുധാകരന്‍ തന്നെയാണ് വ്യക്തമാക്കേണ്ടത്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും യഥാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടുപോയിരിക്കുന്നത് സുധാകരന്റെ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയാണ് സംസ്ഥാനത്തെ കാമ്പസുകളില്‍ വംശനാശം സംഭവിച്ച അവസ്ഥയിലാണിപ്പോള്‍ കെ.എസ്.യു ഉള്ളത്.

ഒരു കാലത്ത് അവര്‍ അടക്കിവാണ കാമ്പസുകളടക്കം സകലതും ഇപ്പോള്‍ എസ്.എഫ്.ഐ കോട്ടകളാണ്. സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കാമ്പസുകളിലും എസ്.എഫ്.ഐ തന്നെയാണ് പ്രധാന ശക്തി. എതിരാളികള്‍ ആകട്ടെ ബഹുദൂരം പിന്നിലുമാണ്. സംസ്ഥാനത്തെ മുഴുവന്‍ സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി യൂണിയനുകളും വന്‍ ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ ഭരിക്കുന്നത്. സെനറ്റ് സിന്‍ണ്ടിക്കേറ്റ് ഭരണസമിതികളിലും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എസ്.എഫ്.ഐക്കാരാണ്. കരുത്തുറ്റ ഈ വിദ്യാര്‍ത്ഥി സംഘടന വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു പോയി എന്നു പറഞ്ഞ സുധാകരന് യഥാര്‍ത്ഥത്തില്‍ എന്തോ തകരാറുണ്ട്.

എറണാകുളം മഹാരാജാസ് കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവമാണ് സുധാകരനെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത്. നേതാക്കള്‍ക്കെതിരെ എസ്.എഫ്.ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികള്‍ക്ക് കൈയുംകെട്ടി നോക്കി നില്‍ക്കാനാവില്ലന്നും എസ്.എഫ്.ഐ ഒഴികെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാല്‍ അതു വിലപ്പോകില്ലന്നുമാണ് സുധാകരന്‍ തുറന്നടിച്ചിരിക്കുന്നത്. അക്രമം അഴിച്ചുവിട്ട് കെ.എസ്.യു നേതാക്കളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി ചെറുക്കേണ്ടി വരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു കാലത്ത് കെ.എസ്.യു കോട്ടയായിരുന്നു മഹാരാജാസ് കോളജില്‍ അക്രമം കൊണ്ട് ചരിത്രം രചിച്ചവരാണ് കെ.എസ്.യുക്കാര്‍. നിരവധി വിദ്യാര്‍ത്ഥികളാണ് കെ.എസ്.യു ആക്രമണത്തില്‍ ഈ കാമ്പസില്‍ ചോര ചീന്തിയിരിക്കുന്നത്. ഈ ആക്രമണത്തിന്റെ ഒരു പ്രധാന ബലിയാടായിരുന്നു സൈമണ്‍ ബ്രിട്ടോ എന്നതും കെ.പി.സി.സി അദ്ധ്യക്ഷന്‍ മറന്നു പോകരുത്. എസ്.എഫ്.ഐ നേതാവായ ബ്രിട്ടോയെ പിന്നില്‍ നിന്നും കുത്തിയവര്‍ ഇന്നും കോണ്‍ഗ്രസ്സ് തലപ്പത്തുണ്ട്. അതും സുധാകരന്‍ മറന്നു പോകരുത്. കോണ്‍ഗ്രസ്സിനു വേണ്ടി ഗുണ്ടകളെ റികൂട്ട് ചെയ്യുന്ന സ്ഥാപനമായി കെ.എസ്.യുവിനെ മാറ്റിയവരാണ് ഇപ്പോള്‍ സി.പി.എമ്മിനു വേണ്ടി ഭാവിയിലേക്ക് ഗുണ്ടകളെ റിക്രൂട്ട് ചെയ്യുന്ന പ്രസ്ഥാനമായി എസ്.എഫ്.ഐയെ ചിത്രീകരിക്കുന്നത്. ആശയങ്ങള്‍ക്കു പകരം കൊടുവാളുമായിട്ട് കാമ്പസില്‍ എത്തിയത് കൊണ്ട് അഡ്രസ്സില്ലാതെ മാറിയത് യഥാര്‍ത്ഥത്തില്‍ ഖദര്‍ രാഷ്ട്രീയമാണ്. ആ ചോര വീണ മണ്ണിലാണ് എസ്.എഫ്.ഐയാണ് കരുത്താര്‍ജജിച്ചിരിക്കുന്നത്.

സുധാകരന്‍ ആരോപിച്ചതു പോലെ കൈയൂക്കുകൊണ്ടു കലാലയങ്ങള്‍ ഭരിക്കാം എന്ന അജണ്ട എസ്.എഫ്.ഐ ഒരിക്കലും നടപ്പാക്കിയിട്ടില്ല. അതേസമയം ഒരു കരണത്ത് അടി കിട്ടിയാല്‍ മറുകരണം കാണിച്ച് കൊടുക്കുക എന്ന ഗാന്ധിയന്‍ രീതിയും അവര്‍ പിന്തുടര്‍ന്നിട്ടില്ല. കടന്നാക്രമണങ്ങളെ നേരിട്ടും ചെറുത്ത് തോല്‍പ്പിച്ചും തന്നെയാണ് എസ്.എഫ്.ഐ എന്ന പോരാളികളുടെ സംഘടന മുന്നേറിയിട്ടുള്ളത്. അതിനു വേണ്ടി ഒരു ഭരണകൂടത്തിന്റെ പിന്‍ബലവും ആ സംഘടനക്ക് ലഭിച്ചിട്ടില്ലന്നതും സത്യമാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലേതിന് സമാനമായ ഇടിമുറികള്‍ എസ്.എഫ്.ഐ നിയന്ത്രണത്തിലുള്ള മിക്ക കോളേജുകളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കെ.സുധാകരന്റെ മറ്റൊരു ആരോപണം.

അങ്ങനെ ഒരു ബോധം വിദ്യാര്‍ത്ഥികള്‍ക്കുണ്ടായിരുന്നെങ്കില്‍ ഒരിക്കലും എസ്.എഫ്.ഐ യൂണിവേഴ്‌സിറ്റി കോളജില്‍ പോലും വിജയിക്കില്ലായിരുന്നു. സകല കുത്തക മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി ആക്രമിച്ചിട്ടും യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ നേടിയത് ചരിത്ര വിജയമാണ്. സംസ്ഥാനത്തെ മറ്റൊരു കാമ്പസുകളിലും യൂണിവേഴ്‌സിറ്റി കോളജ് ‘സംഭവം’ ഏശിയില്ലന്നതും കേരളം കണ്ടതാണ്. തെറ്റുകള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പറ്റിയിട്ടുണ്ടാകാം അത് ആ സംഘടന തന്നെ തുറന്ന് പറയുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുമുണ്ട്.

തെറ്റു കണ്ടാല്‍ അത് തിരുത്തുക എന്നത് തന്നെയാണ് ഉത്തരവാദിത്വപ്പെട്ട വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വീകരിക്കേണ്ട നിലപാട്. അത് നടപ്പാക്കാതെ രാഷ്ട്രീയ നേതൃത്വത്തിന്റെ നിഴലായി മാറിയതാണ് കെ.എസ്.യുവിന്റെ നാശത്തിനും കാരണമായിരിക്കുന്നത്. ഇത് തിരിച്ചറിയാതെ സുധാകരനല്ല ആര് വിചാരിച്ചാലും കെ.എസ്.യു ഒരടി മുന്നോട്ട് പോകുകയില്ല. അക്കാര്യവും ഉറപ്പാണ്.മോദിയും ബി.ജെ.പിയും കൈകാര്യം ചെയ്യുന്ന അതേ രീതിയിലാണ് കേരളത്തില്‍ മുഖ്യമന്ത്രിയും സി.പി.എമ്മും വിദ്യാര്‍ത്ഥി സമരങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന സുധാകരന്റെ ആരോപണവും ചരിത്രത്തെ നിഷേധിക്കലാണ്.

കൊല്ലം ടി.കെ.എം കോളജിലെ ഏതാനും കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് രണ്ടടി കിട്ടിയപ്പോള്‍ തന്നെ സുധാകരന്‍ ഇങ്ങനെ പ്രതികരിക്കണമെങ്കില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ മുന്‍പ് പൊലീസ് വേട്ടയാടിയതിനെ കുറിച്ച് .കെ .സുധാകരന് എന്താണ് പറയാനുള്ളത്. യു.ഡി.എഫ് ഭരണകാലത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അനുഭവിച്ച കൊടിയ പീഢനങ്ങളൊന്നും ഒരു കെ.എസ്.യുക്കാരനും ഇടതു ഭരണത്തില്‍ അനുഭവിച്ചിട്ടില്ല. ഇനി അനുഭവിക്കുകയുമില്ല. ‘അടി’ എന്ന് ബോര്‍ഡില്‍ എഴുതി കാണിച്ചാല്‍ പോലും ഓടി ഒളിക്കുന്നവരെ വീരശൂര പരാക്രമികളാക്കാന്‍ നോക്കിയാല്‍ അത് ഈ നാട് അംഗീകരിക്കുകയില്ല. ഇക്കാര്യം കൂടി കെ.പി.സി.സി അദ്ധ്യക്ഷന്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും.

Top