ഡല്‍ഹിയെ വിറപ്പിച്ച സമരാവേശം, മഹാരാഷ്ട്രയില്‍ നിന്നും പകര്‍ന്നത് !

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രി പറഞ്ഞതു പോലെ കിസാന്‍ തന്നെയാണ് ജവാനും എന്ന് അംഗീകരിക്കാനാണ് ഇനിയെങ്കിലും മോദി സര്‍ക്കാര്‍ തയ്യാറാവേണ്ടത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരായി രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം വരാനിരിക്കുന്ന കൂടുതല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കം കൂടിയാണ്. സായുധ സേനയെ രംഗത്തിറക്കിയും അടിച്ചമര്‍ത്തിയും ഒരു ഭരണകൂടത്തിനും മുന്നോട്ട് പോകാന്‍ കഴിയുകയില്ല. അതാണ് ചരിത്രവും. ഇപ്പോള്‍ രാജ്യ തലസ്ഥാനത്ത് ദ്യശ്യമായി കൊണ്ടിരിക്കുന്നതും അതു തന്നെയാണ്. വഴിയില്‍ തടഞ്ഞുനിര്‍ത്താനുള്ള,ബിജെപി സര്‍ക്കാരുകളുടെ സന്നാഹങ്ങളെല്ലാം തകര്‍ത്തെറിഞ്ഞാണ് കര്‍ഷകര്‍ മുന്നോട്ട് പോകുന്നത്.

കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചും അര്‍ധസൈനികവിഭാഗങ്ങളെ വിന്യസിച്ചും കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ സ്ഥാപിച്ചും കര്‍ഷക മാര്‍ച്ച് തടയാന്‍ നടത്തിയ ശ്രമങ്ങളെല്ലാം തന്നെ വിഫലമാവുകയാണ്. അരലക്ഷത്തില്‍പ്പരം കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്തെ വരിഞ്ഞുമുറുക്കിയിട്ടും നൂറുകണക്കിനു കര്‍ഷകരും വര്‍ഗബഹുജനസംഘടനാ പ്രവര്‍ത്തകരുമാണ് ജന്തര്‍മന്ദറിലും പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് കരുതല്‍ തടങ്കലിലാക്കിയിരിക്കുകയാണ്. മുന്‍ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറിയുമായ പി.കൃഷ്ണപ്രസാദുള്‍പ്പെടെയുള്ള നേതാക്കളാണ് ഡല്‍ഹിയില്‍ അറസ്റ്റിലായിരിക്കുന്നത്.

കോര്‍പറേറ്റ് അനുകൂല കാര്‍ഷിക നിയമങ്ങളും വൈദ്യുതി ബില്ലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍സംഘര്‍ഷ് കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യത്ത് പ്രക്ഷോഭം നടന്നു വരുന്നത്. രാജ്യത്തെ മൊത്തം തൊഴിലിന്റെ 54 ശതമാനവും കാര്‍ഷികമേഖലയിലാണ്. എന്നാല്‍ നവ ലിബറല്‍ കാലത്ത് ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ടിരിക്കുന്നതും ഈ മേഖല തന്നെയാണ്. ഇതില്‍ ഒരു തിരുത്തലാണ് പ്രക്ഷോഭകരും ആവശ്യപ്പെടുന്നത്. ഇടതുപക്ഷ സംഘടനകള്‍ക്ക് നിര്‍ണ്ണായക റോളാണ് ഈ സംയുക്ത സമരത്തിലുള്ളത്. സി.പി.എം അനുകൂല കര്‍ഷക സംഘടനയായ കിസാന്‍സഭ 2018-ല്‍ മഹാരാഷ്ട്രയില്‍ സംഘടിപ്പിച്ച ലോങ്ങ് മാര്‍ച്ചാണ് പുതിയ പ്രക്ഷോഭത്തിനും ആവേശമുണര്‍ത്തിയിരിക്കുന്നത്.

ചുട്ടുപൊള്ളുന്ന വെയിലില്‍ ചോര പൊടിയുന്ന കാല്‍പ്പാടുമായി നാസിക്കില്‍ നിന്നും 180ഓളം കിലോമീറ്റര്‍ പിന്നിട്ടാണ് കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തിരുന്നത്. ചെങ്കൊടിയുമായി പതിനായിരങ്ങള്‍ അണിനിരന്ന കര്‍ഷക മാര്‍ച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രാധാന്യത്തോടെയാണ് കൊടുത്തിരുന്നത്. ഈ ത്യാഗോജ്വല പോരാട്ടത്തിന് നേതൃത്വം നല്‍കിയവര്‍ കൂടി ഉള്‍പ്പെട്ടതാണ് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയില്‍ എത്തുന്നത് തടയാന്‍ വിപുലമായ സന്നാഹമാണ് കേന്ദ്രആഭ്യന്തര മന്ത്രാലയവും ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളും ഒരുക്കിയിരുന്നത്.

പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും വ്യാപകമായി പ്രയോഗിക്കുകയുമുണ്ടായി. ഹരിയാന സര്‍ക്കാര്‍ കര്‍ഷകര്‍ കടന്നുവരുന്ന വഴികളില്‍ മണ്ണുനിറച്ച ടിപ്പറുകളും മണ്ണുമാന്തി യന്ത്രങ്ങളും നിരത്തിയാണ് മാര്‍ച്ച് തടയാന്‍ ശ്രമിച്ചത്. കര്‍ഷക പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഡല്‍ഹിയില്‍ മുന്‍കരുതല്‍ അറസ്റ്റും നടത്തുകയുണ്ടായി. ഈ വിലക്ക് ലംഘിച്ച് പ്രക്ഷോഭകരുമായി എത്തിയതിനാണ് കൃഷ്ണപ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരിക്കുന്നത്. അഖിലേന്ത്യാ കിസാന്‍ ഖാറ്റ് ലേബര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി രാംകുമാര്‍, ഡെപ്യൂട്ടി പ്രധാന്‍ വിജയ് കുമാര്‍, സെന്‍ട്രല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍-എ.ഐ.യു.ടി.യു.സി സംസ്ഥാന പ്രസിഡന്റ് രാജേന്ദ്ര സിംഗ് എന്നിവരുള്‍പ്പെടെ അനവധി പേരാണ്അറസ്റ്റിലായിരിക്കുന്നത്.

പൊലീസ് നടപടി മറികടന്ന് ജന്തര്‍മന്ദറില്‍ നൂറുകണക്കിനു സമരഭടന്മാര്‍ പ്രതിഷേധിച്ചത് കേന്ദ്ര സര്‍ക്കാരിനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. തെരുവില്‍ പിടഞ്ഞ് വീഴേണ്ടി വന്നാലും നീതി ലഭിക്കും വരെ കൂടുതല്‍ ശക്തമായി പ്രക്ഷോഭവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കേന്ദ്ര സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതും ഈ ഉറച്ച നിലപാട് തന്നെയാണ്.

Top