സി പി എം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറയ്ക്കും

yechu

ന്യൂഡല്‍ഹി : സി.പി.എം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 ആക്കി കുറയ്ക്കുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നിലവില്‍ 80 വയസായിരുന്നു കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി. കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കണോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെച്ചൂരി.

പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍പിള്ള എന്നിവരാണ് കേന്ദ്രക്കമ്മിറ്റിയില്‍ പ്രായപരിധി കടന്ന കേരള നേതാക്കള്‍. സംസ്ഥാന കമ്മിറ്റിയിലെ നേതാക്കള്‍ 70 വയസുല്‍ താഴെയുള്ളവരാകണം എന്നും കേന്ദ്രക്കമ്മിറ്റിയില്‍ നിര്‍ദേശം ഉയര്‍ന്നു. കെ.കെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. കേരളത്തിന് പുറത്തുനിന്നുള്ള അംഗങ്ങളാണ് വിമര്‍ശിച്ചത്.

തോമസ് ഐസകിനെ പോലെയുള്ള നേതാക്കളെ തെരഞ്ഞെടുപ്പില്‍ നിന്നും മാറ്റിനിര്‍ത്തിയത് ചൂണ്ടിക്കാട്ടിയാണ് കേരള നേതാക്കള്‍ ഇതിനെ പ്രതിരോധിച്ചത്. കേരളത്തില്‍ തുടര്‍ഭരണം നേടിയതിനെ കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. പ്രളയവും മഹാമാരിയുമൊക്കെ കൈകാര്യം ചെയ്തതിലുള്ള മികവിന് കിട്ടിയ അംഗീകാരമാണ് തുടര്‍ഭരണമെന്ന് യോഗം വിലയിരുത്തി.

Top