പരസ്യപ്രചാരണം അവസാനിച്ചു; ഗുജറാത്തിലെ ഒന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍

ഗാന്ധിനഗര്‍: ഗുജറാത്തിൽ ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. 89 മണ്ഡലങ്ങളിൽ മറ്റന്നാൾ ജനം വിധിയെഴുതും. സൗരാഷ്ട്ര കച്ച് മേഖലകളും ദക്ഷിണ ഗുജറാത്തുമാണ് മറ്റന്നാൾ ജനവിധിയെഴുതുക. ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തിൽ ആം ആദ്മി പാർട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ. പട്ടേൽ സമരകാലത്ത് കോൺഗ്രസിനെ തുണച്ച സൗരാഷ്ട്ര മേഖല ഇത്തവണ ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം.

ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഗ്വി, ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ തുടങ്ങീ ബിജെപി സ്ഥാനാർഥികളും ആദ്യഘട്ടത്തിനായി പ്രചാരണം പൂർത്തിയാക്കി. കോൺഗ്രസിനായി മുൻ പ്രതിപക്ഷ നേതാക്കളായ അർജുൻ മോദ്‍വാദിയ, പരേഷ് ധാനാനി എന്നിവരും മറ്റന്നാൾ ജനവിധി തേടും. തൂക്ക് പാലം ദുരന്തമുണ്ടായ മോർബിയും പോളിംഗ് ബൂത്തിലെത്തും.

ആം ആദ്മി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇത്താലിയ, ആപ്പിനൊപ്പമുള്ള പട്ടേൽ സമര നേതാക്കൾ അൽപേഷ് കത്തരിയ, ധർമിക് മാൽവ്യ എന്നിവരുടെ മണ്ഡലങ്ങൾ ദക്ഷിണ ഗുജറാത്തിലാണ്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാ‌ഥി ഇസുദാൻ ഗാഡ്‍വിയുടെ മണ്ഡലവും ആദ്യഘട്ടത്തിലാണ്.

ഏത് തെരഞ്ഞെടുപ്പ് നടന്നാലും മോദിയെ കാട്ടി വോട്ട് ചോദിക്കുന്നതിനെ വിമർശിച്ച് മല്ലികാർജുൻ ഖർഗെ നടത്തിയ പരാമർശം വിവാദമായി. മോദി 100 തലയുള്ള രാവണൻ ആണോ എന്നായിരുന്നു ഖർഗെയുടെചോദ്യം. ഗുജറാത്തികളെ അപമാനിക്കുകയാണ് ഖർഗെ ചെയ്തതെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ കൂട്ടത്തോടെ ഇന്ന് രംഗത്തെത്തി.

Top