അഡ്മിനിസ്‌ട്രേറ്റര്‍ നാളെ ദ്വീപിലെത്തും; കരിദിനമായി ആചരിക്കാന്‍ പ്രക്ഷോഭകര്‍

കൊച്ചി: ലക്ഷദ്വീപിലെ വിവാദ നടപടികള്‍ക്കെതിരെ പ്രക്ഷോഭം കനക്കുമ്പോള്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ നാളെ ലക്ഷദ്വീപിലെത്തും. കനത്ത സുരക്ഷയാണ് ദ്വീപില്‍ ഒരുക്കിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ലക്ഷദ്വീപിലെ സമരവേദികള്‍ അധികൃതര്‍ പൊളിച്ചുനീക്കി.

എന്നാല്‍ സന്ദര്‍ശനദിവസം കരിദിനമായി ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. കൂടാതെ ഐഷ സുല്‍ത്താനയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന്റെ പേരില്‍ ഇന്നലെയും ബി.ജെ.പിയില്‍ കൂട്ടരാജി തുടര്‍ന്നു. ലക്ഷദ്വീപ് ബി.ജെ.പി. ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് മുള്ളിപ്പുര ഉള്‍പ്പെടെ 12 പേര്‍ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

ചെറിയകോയ കല്ലില്ലം, ബാദുഷ, മുഹമ്മദ് യാസീന്‍ ആര്‍.എം, മുനീര്‍ മൈതാന്‍മാളിക, ബി.സി ചെറിയകോയ തുടങ്ങിയവരും രാജിക്കത്ത് നല്‍കി. അഡ്മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തില്‍ കിരാതനിയമങ്ങള്‍ നടപ്പാക്കുന്നതിനെതിരേ ദ്വീപിലെ ബി.ജെ.പി. ഘടകത്തില്‍ നേരത്തെതന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. പ്രക്ഷോഭങ്ങള്‍ക്കു രൂപംനല്‍കാന്‍ രൂപീകരിച്ച സേവ് ലക്ഷദ്വീപ് ഫോറത്തിലും ബി.ജെ.പി. പ്രതിനിധികള്‍ പങ്കെടുക്കുകയുണ്ടായി.

Top