കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം ; സഹായമായി നല്‍കിയ ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി

ന്യൂഡല്‍ഹി: പ്രളയ കാലത്ത് കേരളത്തിനു നല്‍കിയ അധിക ഭക്ഷ്യധാന്യം സൗജന്യമല്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി റാം വിലാസ് പസ്വാന്‍. എന്നാല്‍ മുന്‍കൂര്‍ പണം വാങ്ങില്ലെന്നും കേരളത്തിന് അനുവദിച്ച അരിയുടെ വില ദുരിതാശ്വാസ നിധിയില്‍ നിന്ന് ഈടാക്കുമെന്ന് പസ്വാന്‍ അറിയിച്ചു. കെ.കെ. രാഗേഷ് എംപിക്ക് നല്‍കിയ കത്തിലാണ് പസ്വാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കാനുള്ള തീരുമാനം വിവാദത്തിലായതോടെ തുക ഈടാക്കില്ലെന്നു കേന്ദ്ര ഭക്ഷ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഇതിനു പിന്നാലെയാണ് തീരുമാനം വ്യക്തമാക്കി കേന്ദ്രം രംഗത്തു വന്നത്.

കേരളത്തിന് അധികമായി അനുവധിച്ച 89,540 മെട്രിക് ടണ്‍ അരിക്ക് 233 കോടി രൂപ നല്‍കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഒരു കിലോ അരിക്ക് 25 രൂപ എന്ന നിരക്കിലാണ് 233 കോടി രൂപ കണക്കാക്കിയത്.

Top