നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ വീട്ടിൽ കയറി മർദ്ദിച്ചുവെന്ന പരാതിയുമായി നടന്റെ അമ്മ

മുംബൈ: ബോളിവുഡ് നടന്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ അമ്മ മെഹ്റുന്നിസ സിദ്ദിഖി അദ്ദേഹത്തിന്റെ ഭാര്യ ആലിയയ്ക്കെതിരെ കേസുമായി രംഗത്ത്. വെർസോവ പൊലീസില്‍ മെഹ്റുന്നിസ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ഐപിസി 452, 323, 504, 506 വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് വെർസോവ പോലീസ് ആലിയയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നടന്റെ ഭാര്യയും അമ്മയും തമ്മില്‍ നേരത്തെ തര്‍ക്കവും വഴക്കും നിലനിന്നിരുന്നു. അതേ സമയം വീട്ടില്‍ തന്നെ ഉപദ്രവിക്കണം എന്ന ഉദ്ദേശത്തോടെ മകന്റെ ഭാര്യ എത്തുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് മെഹ്റുന്നിസ നല്‍കിയ പരാതി പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍.

എന്നാല്‍ ഭര്‍ത്താവിന്റെ അമ്മയുമായി തര്‍ക്കങ്ങള്‍ നിലനിന്നുവെന്നും എന്നാല്‍ മറ്റ് ആരോപണങ്ങള്‍ തെറ്റാണെന്നുമാണ് ആലിയ പറയുന്നത്. 2010ലാണ് ആലിയയെ നവാസുദ്ദീൻ സിദ്ദിഖി വിവാഹം കഴിക്കുന്നത്. ഇത് നവാസുദ്ദീൻ സിദ്ദിഖിയുടെ രണ്ടാം വിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

എന്നാല്‍ 2020 ല്‍ നവാസുദ്ദീൻ സിദ്ദിഖിയില്‍ നിന്നും ആലിയ വിവാഹ മോചനം തേടിയിരുന്നു. ഒപ്പം നടനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസും നല്‍കി. മുംബൈയിലാണ് അന്ന് നവാസുദ്ദീൻ സിദ്ദിഖിക്കും ബാക്കി നാല് കുടുംബാഗങ്ങള്‍ക്കുമെതിരെ കേസ് കൊടുത്തത്. എന്നാല്‍ 2021 ല്‍ ആലിയയ്ക്ക് കൊവിഡ് വന്നപ്പോള്‍ നവാസുദ്ദീൻ സിദ്ദിഖിയുടെ പരിചരണത്തില്‍ മനസ് മാറി തന്റെ പരാതികള്‍ പിന്‍വലിക്കുകയും. വീണ്ടും തുടര്‍ന്ന് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് പിന്നീട് ഇവര്‍ തന്നെ വ്യക്തമാക്കിയത്.

 

 

 

Top