മരംമുറിയിൽ നടപടി കർക്കശനമാക്കി, സഹായിച്ചവരും, കണ്ണടച്ചവരും കുടുങ്ങും

രം മുറി കൊള്ളക്കെതിരെ നടക്കുന്ന അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകള്‍ അനുവദിക്കില്ലന്ന നിലപാടില്‍ പിണറായി സര്‍ക്കാര്‍. സത്യസന്ധമായി അന്വേഷണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതു സംബന്ധമായ നിലപാട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ സംസ്ഥാന പൊലീസ് മേധാവിക്കു മുന്നില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരെല്ലാം ഡിപ്പാര്‍ട്ട്‌മെന്റ്‌ തലത്തില്‍ ശുപാര്‍ശ ചെയ്യപ്പെട്ട് നിയമിക്കപ്പെട്ടവരാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും ഇടപെട്ടിട്ടില്ലന്നാണ് ലഭിക്കുന്ന വിവരം. മരം കൊള്ളക്കു പിന്നില്‍ നടന്ന മുഴുവന്‍ ഇടപാടുകളും പ്രത്യേക അന്വേഷണ സംഘമാണ് ഇനി പരിശോധിക്കുക. ഈ അന്വേഷണം സംസ്ഥാന ഇന്റലിജന്‍സും മോണിറ്റര്‍ ചെയ്യും.

രണ്ടാം പിണറായി സര്‍ക്കാറിന്റെ തുടക്കത്തില്‍ തന്നെ വന്ന മരംമുറി വിവാദത്തെ സി.പി.എമ്മും ഗൗരവമായാണ് നോക്കികാണുന്നത്. അന്വേഷണത്തിലൂടെ എല്ലാം പുറത്തു വരട്ടെ എന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ സര്‍ക്കാറില്‍ സി.പി.ഐ കൈകാര്യം ചെയ്ത രണ്ടു വകുപ്പുകള്‍ പ്രതിക്കൂട്ടിലായത് സി.പി.ഐ നേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്. കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലന്ന നിലപാടില്‍ തന്നെയാണ് സി.പി.ഐ നേതൃത്വവും ഉറച്ചു നില്‍ക്കുന്നത്. പ്രതിപക്ഷ ആരോപണങ്ങള്‍ അന്വേഷണം പൂര്‍ത്തിയാകുന്നതോടെ പൊളിയുമെന്നാണ് ഇടതു നേതാക്കളുടെ പ്രതീക്ഷ. എല്ലാ വകുപ്പുകളും ഉത്തരവുകള്‍ പുറത്തിറക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശവും പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇടതു നേതൃത്വം നല്‍കിയിട്ടുണ്ട്.

സ്വന്തം വകുപ്പില്‍ നടക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും മന്ത്രിക്ക് തന്നെ ആയിരിക്കും ഉത്തരവാദിത്വം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തന്ത്രപ്രധാന തസ്തികകളില്‍ നിന്നും ഒഴിവാക്കാനും ഇതിനകം തന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ ഗൗരവമായി എടുത്ത് മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകുകയുമില്ല. എല്ലാ വകുപ്പിന് മുകളിലും അദൃശ്യമായ ഒരു നിരീക്ഷണമാണ് ഇനിയുണ്ടാകുക. മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത മന്ത്രിമാര്‍ക്കും പദവികള്‍ തെറിക്കും. രണ്ടര വര്‍ഷത്തിനു ശേഷം എന്തായാലും ഒരു പുന:സംഘടന അനിവാര്യമാണ്. മന്ത്രിമാരായ ആന്റണിരാജു, അഹമ്മദ് ദേവര്‍ കോവില്‍ എന്നിവരുടെ ഊഴം ഇതാടെയാണ് അവസാനിക്കുന്നത്. പകരം കെ.ബി ഗണേശ് കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് മന്ത്രിമാരാകുക.

ഈ അവസരത്തില്‍ മറ്റു മന്ത്രിമാരുടെ കാര്യത്തിലും അഴിച്ചു പണിക്ക് സാധ്യതയുണ്ട്. കെ.കൃഷ്ണന്‍കുട്ടിക്കു പകരം മാത്യു ടി തോമസ്, എ.കെ ശശീന്ദ്രനു പകരം തോമസ് കെ തോമസ് എന്നിവരുടെ പേരുകളും പരിഗണിക്കപ്പെട്ടേക്കും. ഇക്കാര്യത്തില്‍ ആത്യന്തികമായി ജനതാദള്‍, എന്‍.സി.പി നേതൃത്വങ്ങളാണ് തീരുമാനം കൈക്കൊള്ളേണ്ടത്. മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത മന്ത്രിമാരെ സി.പി.എമ്മും സി.പി.ഐയും മാറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. പത്തു വര്‍ഷത്തിനപ്പുറവും ഇടതു ഭരണം തുടരണമെന്ന ആഗ്രഹമാണ് കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കുള്ളത്. അതിനായുള്ള പാത സുഗമമാക്കാന്‍ മികച്ച ഭരണം തന്നെയാണ് പ്രധാന ആയുധമായി ചെമ്പട നോക്കി കാണുന്നത്. ഓരോ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ഏറെ നിര്‍ണ്ണായകമാണ്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഇതു സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കിയിട്ടുമുണ്ട്.

പ്രവര്‍ത്തിക്കുക അതല്ലങ്കില്‍ മാറി നില്‍ക്കുക എന്ന സന്ദേശം തന്നെയാണ് ഇടതു നേതാക്കളും മന്ത്രിമാര്‍ക്ക് നല്‍കിയിരിക്കുന്നത്. ജനക്ഷേമ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളുമാണ് നിലവില്‍ ഭരണ തുടര്‍ച്ചക്ക് പ്രധാന കാരണമായിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിലെ സര്‍ക്കാര്‍ ഇടപെടലുകളും ജനങ്ങളെ സ്വാധീനിച്ച ഘടകങ്ങളാണ്. ഇതിനും മീതെ ഒരു പ്രകടനമാണ് രണ്ടാം ഊഴത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ ടീമും ഇത്തവണ കൂടുതല്‍ ശക്തമാണ്. പിഴവുണ്ടായാല്‍ മാറ്റി നിര്‍ത്തപ്പെടും എന്ന ബോധ്യം മന്ത്രിമാരിലും പ്രകടമായി കഴിഞ്ഞു. അതു കൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചാണ് അവരും ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

ഭരണപക്ഷത്തെ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ പ്രതിപക്ഷം നടത്തുന്നത് തിരിച്ചു വരവിനുള്ള ശ്രമങ്ങളാണ്. ഇടതുപക്ഷത്തിന്റെ നീക്കങ്ങളെ സൂഷ്മമായി നിരീക്ഷിക്കുന്ന കോണ്‍ഗ്രസ്സ് പടനായകരെ തന്നെ മാറ്റിയിട്ടുണ്ട്. വി.ഡി സതീശന്‍ കെ സുധാകരന്‍ ടീമാണ് യു.ഡി.എഫിനെയും കോണ്‍ഗ്രസ്സിനെയും നയിക്കുന്നത്. ബി.ജെ.പിയും പുതിയ നേതൃത്വത്തെ പരീക്ഷിക്കാനാണ് നീക്കങ്ങള്‍ നടത്തുന്നത്. ഒരിക്കല്‍ കൂടി ചുവപ്പു ഭരണം എന്നത് പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. ഒപ്പമുള്ളവരെ ഉറപ്പിച്ചു നിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസ്സും ബി.ജെ.പിയും നേരിടുന്ന പ്രധാന വെല്ലുവിളി. രണ്ടു പാര്‍ട്ടികളിലും വിഭാഗീയത അത്രയ്ക്കും ശക്തമാണ്.

‘തലകള്‍’ മാറിയതു കൊണ്ടു മാത്രം കാര്യമില്ല തലമുറമാറ്റം താഴെ തട്ടു മുതല്‍ വേണമെന്നതാണ് കോണ്‍ഗ്രസ്സ് അണികള്‍ തുറന്നടിക്കുന്നത്. മുസ്ലീം ലീഗിലും ഇതേ ആവശ്യം ശക്തമാണ്. ബി.ജെ.പിയിലാകട്ടെ കൃഷ്ണദാസ് മുരളീധര വിഭാഗങ്ങള്‍ തമ്മിലാണ് പ്രധാന പോര്. സുരേന്ദ്രന്റെ പിന്‍ഗാമി ആര് എന്നതും ബി.ജെ.പിയെ സംബന്ധിച്ച് വലിയ ഒരു ചോദ്യം തന്നെയാണ്. പ്രതിപക്ഷത്തെ ഈ ഭിന്നതകള്‍ ആത്യന്തികമായി ഗുണം ചെയ്യുന്നതും ഇനി ഭരണപക്ഷത്തിനായിരിക്കും. അക്കാര്യവും ഉറപ്പാണ്.

Top