കളമശേരി മെഡിക്കല്‍ കോളേജില്‍ ആരോപണം ഉന്നയിച്ചവര്‍ കോവിഡ് ഡ്യൂട്ടിയിലില്ലെന്ന്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിനെതിരെ വാട്സാപ്പിലൂടെയും ചാനലിലൂടെയും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച നഴ്സിങ് ഓഫീസര്‍ ജലജാദേവിയും താല്‍ക്കാലിക ജൂനിയര്‍ ഡോക്ടര്‍ നജ്മയും കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിയില്‍ ഇല്ലാത്തവരായിരുന്നെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍. പ്രിന്‍സിപ്പല്‍ ഡോ. വി സതീഷ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. പീറ്റര്‍ വാഴയില്‍, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദ്ദീന്‍, ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജലജാദേവി മൂന്നു മാസം മുമ്പ് പ്രമോഷനായി എത്തിയതാണ്. ഇവര്‍ ഒരു മാസത്തെ അവധിയിലാണ്. ഒരിക്കലും കോവിഡ് വാര്‍ഡില്‍ പിപിഇ കിറ്റ് ധരിച്ച് ഡ്യൂട്ടി ചെയ്തിട്ടില്ല. ആര്‍എംഒ വിളിച്ച സൂം മീറ്റിങ്ങില്‍ വീട്ടിലിരുന്ന് പങ്കെടുക്കുകയായിരുന്നു. തുടര്‍ന്നാണ് അവര്‍ വിവാദ സന്ദേശം നഴ്‌സുമാരുടെ ഗ്രൂപ്പിലിട്ടത്.

ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയ ജൂനിയര്‍ ഡോക്ടര്‍ അവര്‍ സൂചിപ്പിച്ച രോഗികളെ പരിചരിച്ചിട്ടില്ല. വീഴ്ച കണ്ടെത്തിയിരുന്നെങ്കില്‍ ഇവിടെ എംബിബിഎസ് പഠിച്ച അവര്‍ക്ക് സീനിയര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു. ഇവര്‍ ചികിത്സാ പിഴവ് ആരോപിച്ച ഹാരിസിനെ ജൂണ്‍ 26നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24 ദിവസം ഗുരുതരാവസ്ഥയില്‍ ഐസിയുവിലായിരുന്നു. ദിവസവും ആരോഗ്യനില ഡിഎംഇക്ക് നല്‍കുന്നുണ്ട്.

അദ്ദേഹം മരിക്കുന്നതിനടുത്ത ദിവസങ്ങളില്‍ ശരീരത്തിലെ ഓക്‌സിജന്‍ നില വളരെ കുറവായിരുന്നു. മരിക്കുമ്പോഴും അദ്ദേഹം കോവിഡ് പോസിറ്റീവായിരുന്നു. കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉറങ്ങുമ്പോള്‍ ശരിയായി ശ്വസനം നടക്കാത്ത അസുഖവുമുണ്ട്. ശ്വസനസഹായി ഉപയോഗിച്ചാണ് മുഴുവന്‍ സമയവും കഴിഞ്ഞിരുന്നത്. ശ്വസനസഹായിയുടെ ട്യൂബുകള്‍ ഊരിപ്പോകുന്നതല്ല. വാര്‍ഡിലേക്ക് മാറ്റാന്‍ സാധിക്കാത്ത അവസ്ഥയിലുള്ള അദ്ദേഹത്തെ മാറ്റാന്‍ തീരുമാനിച്ചതായി പറയുന്നതും തെറ്റാണ്. അന്നേദിവസം ഡോ. നജ്മ ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ആരും സംഭവം ഉണ്ടായതായി അറിയിച്ചിട്ടുമില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Top