പ്രതികള്‍ക്ക് സി.പി.എമ്മുമായുള്ള ബന്ധം നേരില്‍ കണ്ടതാണ്; മക്കള്‍ക്ക് നീതി കിട്ടാന്‍ പോരാടി അമ്മ

പാലക്കാട്: മക്കളെ കൊലക്കുകൊടുത്ത പ്രതികളെ വെറുതെ വിട്ടതിന് പിന്നില്‍ സി.പി.എം ബന്ധം ആണെന്ന് ആരോപിച്ച് വാളയാര്‍ സഹോദരിമാരുടെ അമ്മ രംഗത്ത്. പ്രതികളെ സി.പി.എം പ്രവര്‍ത്തകരുടെ കൂടെ പലപ്പോഴായി കണ്ടിട്ടുണ്ടെന്നും അമ്മ പറഞ്ഞു.

അതേസമയം കേസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകാനിരിക്കുന്നതായും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. മുഖ്യമന്ത്രി തന്ന ഉറപ്പില്‍ വിശ്വാസമുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പുനരന്വേഷണം അല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ഇതില്‍ ഒന്നെ പറ്റൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതായും അമ്മ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സി.പി.എമ്മിനെതിരെ അവര്‍ ഉന്നയിക്കുന്ന ആരോപണം ആരെങ്കിലും പറയിപ്പിക്കുന്നതാകാം എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. പക്ഷെ താന്‍ പ്രതികളെ സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ കണ്ടിട്ടുണ്ടെന്നായിരുന്നു അമ്മയുടെ മറുപടി.

വാളയാര്‍ സഹോദരിമാര്‍ക്ക് നീതി ലഭിക്കുന്നതിനായി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു. അതിനിടെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവര്‍ത്തിച്ച് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ നടത്തുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. മാത്രമല്ല കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ പാലക്കാട് ഏകദിന ഉപവാസം നടത്തി.

അതേസമയം സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അട്ടപ്പളളം ആക്ഷന്‍ കമ്മിറ്റയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുകയാണ്. ഇതേ ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രക്ക് നാളെ വാളയാറില്‍ തുടക്കമാകും.

Top