ആറ് വയസ്സുകാരിക്ക് ഉറങ്ങാന്‍ ചില മരുന്നുകള്‍ നല്‍കിയെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരിക്ക് ഉറങ്ങാന്‍ ചില മരുന്നുകള്‍ നല്‍കിയെന്ന് പ്രതികളുടെ മൊഴി. കുട്ടി കരയാതിരിക്കാന്‍ അച്ഛന്റെ കൂട്ടുകാര്‍ എന്ന് തെറ്റിദ്ധരിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ഒരു വര്‍ഷം മുമ്പാണ് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിച്ചത്. കൊല്ലം പള്ളിമുക്കില്‍ നിന്നാണ് വ്യാജ നമ്പര്‍ പ്ലേറ്റ് നിര്‍മ്മിച്ചത്. കുട്ടിയുടെ കൈയിലുണ്ടായിരുന്ന സ്‌കൂള്‍ ബാഗ് നശിപ്പിച്ചുവെന്നും പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

മൂവരെയും ഒരുമിച്ചിരുന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണി വരെ ചോദ്യം ചെയ്ത പ്രതികളെ ഇന്നും ചോദ്യം ചെയ്തു. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്വേഷണസംഘം പ്രതി പത്മകുമാറിന്റെ സാമ്പത്തിക സ്രോതസ്സുകള്‍ പരിശോധിക്കുകയാണ്. രണ്ടു കോടിയുടെ സാമ്പത്തിക ബാധ്യത ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്.

വായ്പ ഉള്‍പ്പെടെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് പരിശോധിക്കുന്നത്. തെങ്കാശിയിലെ തോട്ടം വാങ്ങിയത് അടുത്തിടെ എന്ന സൂചനയുമുണ്ട്. കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്നും പത്മകുമാര്‍ പറഞ്ഞു. നഴ്‌സിംഗ് പഠനത്തിന് അഞ്ച് ലക്ഷം രൂപ റെജിക്ക് നല്‍കിയെന്നും അത് തിരിച്ചുകിട്ടാനുള്ള ശ്രമമായിരുന്നുവെന്നുമുള്ള ഇന്നലത്തെ മൊഴി പൊലീസിനെ വഴി തെറ്റിക്കാനായിരുന്നുവെന്നും ഇയാള്‍ മൊഴിയില്‍ പറയുന്നുവെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

Top