പെരുമ്പാവൂരില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു

കൊച്ചി: പെരുമ്പാവൂരില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിടിയിലായ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു. 18 വയസും 21 വയസുമാണ് പ്രതികളുടെ പ്രായം. കുഞ്ഞുങ്ങള്‍ക്കെതിരെ ആലുവ-പെരുമ്പാവൂര്‍ പ്രദേശത്ത് സമീപകാലത്തുണ്ടാകുന്ന നാലാമത്തെ ലൈംഗികാതിക്രമമാണ് ഇത്.

കഴിഞ്ഞദിവസമാണ് പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ അതിഥി തൊഴിലാളിയുടെ കുഞ്ഞിനെ അസം സ്വദേശികള്‍ പീഡിപ്പിച്ചത്. ഉറങ്ങി കിടന്ന മൂന്ന് വയസുകാരിയെയാണ് പ്രതികള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെരുമ്പാവൂരിലെ പ്രൈവുഡ് കമ്പനിയിലെത്തിച്ചായിരുന്നു കുഞ്ഞിനെ പ്രതികള്‍ പീഡിപ്പിച്ചത്. ഇന്നലെ അര്‍ധരാത്രിയോടകം തന്നെ പൊലീസിന് ആശുപത്രിയിലെത്തി കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കാനും പ്രതികളായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുക്കാനും കഴിഞ്ഞു.

അക്രമത്തിനിരയായ കുട്ടിയും പ്രതികളും അസം സ്വദേശികളാണെന്നാണ് വിവരം. ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി ഇനി കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്. കുഞ്ഞിന് ഗുരുതരമായ പരുക്കുകളൊന്നുമില്ലെന്നാണ് പുറത്ത് വരുന്ന വിവരം

Top