പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച പ്രതികള്‍ പരിചയപ്പെട്ടത് ഫെയ്‌സ്ബുക്കിലൂടെ

ഡല്‍ഹി: പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവത്തിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി പൊലീസ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുവെന്നും ദില്ലി പോലീസ് സ്പെഷ്യല്‍ സെല്‍ അറിയിച്ചു. പാര്‍ലമെന്റില്‍ ഇന്നലെ നടത്തിയത് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പ്രതിഷേധമാണെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്. തൊഴില്‍ ഇല്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്‌നങ്ങള്‍, മണിപ്പൂര്‍ വിഷയം എന്നിവയിലുള്ള പ്രതിഷേധമായിരുന്നു. ഇതിനാണ് പാര്‍ലമെന്റില്‍ കടന്ന് കയറിയത് എന്നും പ്രതികള്‍ മൊഴി നല്‍കി.

ഫേസ്ബുക്കിലൂടെയാണ് പ്രതികള്‍ പരിചയപ്പെട്ടത്. ജനുവരി മുതല്‍ പദ്ധതിയുടെ ആലോചന തുടങ്ങി. മനോരഞ്ജന്‍, മണ്‍സൂണ്‍ സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ സന്ദര്‍ശകനായി എത്തി. പ്രാദേശിക എം പി യായ പ്രതാപ് സിന്‍ഹയുടെ സ്റ്റാഫ് വഴി പാസ് എടുത്തു. വിവിധ ട്രെയിനുകളില്‍ മൂന്ന് ദിവസം മുന്‍പാണ് എല്ലാവരും ഡല്‍ഹിയില്‍ എത്തിയത്. വിശാല്‍ ശര്‍മ്മ ഇവരെ ഗുരു ഗ്രാമില്‍ എത്തിച്ചതായും പൊലീസ് പറയുന്നു. സ്മോക്ക് സ്‌പ്രേ കൊണ്ട് വന്നത് അമോല്‍ ഷിന്‍ഡെയാണ്. ഇന്ത്യ ഗേറ്റ് പരിസരത്ത് വച്ച് ഇത് എല്ലാവര്‍ക്കും കൈമാറുകയായിരുന്നു.

സംഭവത്തില്‍ ആറ് പേര്‍ക്ക് പങഅകുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നാലുപേര്‍ പിടിയിലായെങ്കിലും രണ്ട് പേര്‍ രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഘത്തിലെ അഞ്ചാമന്‍ ഗുഡ്ഗാവ് സ്വദേശി ലളിത് ഝാ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആറാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അതിക്രമത്തിന് മുന്‍പ് അഞ്ച് പേരും താമസിച്ചത് ലളിത് ഝായുടെ വീട്ടിലാണെന്നാണ് പൊലീസ് പറയുന്നു. പിടിയിലായ നാല് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ലോക്‌സഭയില്‍ സ്‌പ്രേ പ്രയോഗിച്ച സാഗര്‍ ശര്‍മ ലഖ്നൗ സ്വദേശിയെന്ന് പൊലീസ്. ആറ് പേരും അതിക്രമത്തിന് പദ്ധതിയിട്ടത് ഓണ്‍ലൈന്‍ വഴിയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

കസ്റ്റഡിയില്‍ എടുത്ത നാല് പേരെയും ഡല്‍ഹി പൊലീസാണ് ചോദ്യം ചെയ്യുന്നത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഡല്‍ഹി പൊലീസിനൊപ്പം തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നു. ഒരു സംഘടനയുമായും ബന്ധമില്ലെന്ന് ഇവര്‍ മൊഴി നല്‍കിയതായാണ് വിവരം.

Top