ജൂണ്‍ ഒന്നിനുതന്നെ അധ്യയന വര്‍ഷാരംഭം

തിരുവനന്തപുരം: കേരളത്തിലെ സ്‌ക്കൂളുകളിലും കോളേജുകളിലും ജൂണ്‍ ഒന്നിനു തന്നെ അധ്യായന വര്‍ഷം ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഒന്നാം ക്ലാസില്‍ ചേരുന്ന കുട്ടികള്‍ക്ക് പ്രവേശനോത്സവം ഓണ്‍ലൈനായി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവും ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ധാരണയായത്. ഇക്കാര്യങ്ങളെ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി നാളെ പത്രസമ്മേളനം നടത്തും.ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകള്‍ക്കായിരിക്കും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങുക.

പ്ലസ് വണ്‍, പ്ലസ് ടൂ ക്ലാസുകള്‍ തുടങ്ങുന്നതിനെ സംബന്ധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോളജുകളിലും സര്‍വകലാശാലകളിലും ജൂണ്‍ ഒന്നിനു തന്നെ അധ്യയന വര്‍ഷം തുടങ്ങാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച സര്‍വകലാശാല വൈസ്ചാന്‍സലര്‍മാരുടെ യോഗത്തിലാണ് ധാരണയായത്.

സാങ്കേതിക സര്‍വകലാശാലയും കുസാറ്റും അവസാന വര്‍ഷ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ തീരുമാനിച്ചത് യോഗത്തില്‍ അറിയിച്ചു. ജൂണ്‍ 15 മുതല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാന്തര കോഴ്‌സുകളുടെ പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യാനും ജൂലൈ 31നകം ഫലം പ്രസിദ്ധീകരിക്കാനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും മന്ത്രി നിര്‍ദേശിച്ചു.

Top