മലയാളിക്ക് 23 ലക്ഷം നഷ്ടപരിഹാരം നല്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് അബുദാബി കോടതി

court

ദുബായ്: മലയാളിക്ക് 23 ലക്ഷം നഷ്ടപരിഹാരം നല്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് അബുദാബി കോടതി.

ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കൊല്ലം അഞ്ചല്‍ സ്വദേശി കരീം അബ്ദുല്‍ റസാഖിന് ചികിത്സയ്ക്ക് ചെലവായ 1,30,000 ദിര്‍ഹം ( ഏകദേശം 23 ലക്ഷം രൂപ) നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

2015 ജനുവരി 17ന് ചെന്നൈയിലെ അപ്പോളൊ ആസ്പത്രിയിലാണ് കരീം ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയനായത്.

അബുദാബിയിലെ പ്രമുഖ എണ്ണ ഉത്പാദന കമ്പനിയിലെ കരാര്‍ ജീവനക്കാരനായിരുന്നു കരീം. ഹൃദയത്തകരാര്‍ 2010 ലാണ് കണ്ടെത്തിയത്. ആ വര്‍ഷം ഡിസംബറില്‍ അബുദാബി ഷെയ്ഖ് ഖലീഫാ ആസ്പത്രിയില്‍ നിന്ന് പേസ്‌മേക്കര്‍ വച്ചു.

എന്നാല്‍ 2014 സെപ്റ്റംബറില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം വീണ്ടും തകരാറിലാവുകയായിരുന്നു.

അബുദാബിയിലെ ഒട്ടുമിക്ക ആസ്പത്രികളിലും കരീം ചികിത്സ തേടി. ഹൃദയം മാറ്റിവെയ്ക്കല്‍ മാത്രമാണ് പോംവഴിയെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം.

തുടര്‍ന്ന് നിരവധി നടപടിക്രമങ്ങള്‍ക്കൊടുവില്‍ ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായി.

തിരിച്ചെത്തിയ കരീം ചികിത്സയ്ക്ക് ചെലവായ പണത്തിന് ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു.

തുടര്‍ന്ന് ദുബായ് അല്‍ കബ്ബാന്‍ അസോസിയേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന ഇന്‍ഷുറന്‍സ് കമ്പനിക്ക് വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍, കരീമിന്റെ യു.എ.ഇ.യിലെ ചികിത്സാ ചെലവ് മാത്രമേ തങ്ങള്‍ക്ക് നിയമപരമായി നല്‍കേണ്ട ബാധ്യതയുള്ളൂ എന്ന് ഇന്‍ഷുറന്‍സ് കമ്പനി മറുപടിയും കൊടുത്തു.

തുടര്‍ന്ന് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി അബുദാബി കോടതിയില്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ സിവില്‍ കേസ് ഫയല്‍ ചെയ്യുകയും തുടര്‍ന്ന് 1,30,000 ദിര്‍ഹം (23 ലക്ഷം രൂപ) ചികിത്സാ ചെലവ് ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്ന് കോടതിവിധിക്കുകയും ചെയ്തു.

Top