അറുപതുകാരനായ പൈലറ്റിന് ആകാശത്തുവെച്ച് ഹൃദയസ്തംഭനം

pilot

കൊല്‍ക്കത്ത: അറുപതുകാരനായ പൈലറ്റിന് ആകാശത്തുവെച്ച് ഹൃദയസ്തംഭനമുണ്ടായതിനെ തുടര്‍ന്ന് വിമാനം താഴെയിറക്കി. നിറയെ യാത്രക്കാരുമായി ഇംഫാലില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന ക്യൂബന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റ് സില്‍വിയോ ഡയസ് അക്കോസ്റ്റയ്ക്കാണ് ഹൃദയസ്തംഭനം ഉണ്ടായത്. തുടര്‍ന്ന് അപകടരഹിതമായി വിമാനം കൊല്‍ക്കത്തയില്‍ ഇറക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്.

കൊല്‍ക്കത്ത നേതാജി സുഭാഷ്ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടു മുന്‍പ് പൈലറ്റിന് നെഞ്ചുവേദനയുണ്ടാവുകയും ശക്തമായി വിയര്‍ക്കുകയും ചെയ്തു. തനിക്കു വയ്യാതായ കാര്യം സഹ പൈലറ്റിനോട് അദ്ദേഹം പറഞ്ഞു. അപകടകരമായ ആരോഗ്യാവസ്ഥയിലും സഹ പൈലറ്റിന്റെ കൂടി സഹായത്തോടെ അദ്ദേഹം വിമാനം താഴെയിറക്കുകയായിരുന്നു.

വിമാനം താഴെയിറക്കിയ ഉടന്‍തന്നെ പൈലറ്റിന് വിമാനത്താവളത്തിനുള്ളില്‍ തന്നെ വൈദ്യസഹായം നല്‍കിയെങ്കിലും പൈലറ്റിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് വ്യക്തതമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയം ഭാഗികമായി മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ എന്ന് ചാര്‍ണോക് ആസ്പത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ശത്രജിത് സാമന്ത പറഞ്ഞു. പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സില്‍വിയോ അക്കോസ്റ്റ, അപകടനില തരണം ചെയ്തതായും ഡോക്ടര്‍ വ്യക്തമാക്കി.

Top