യു.എസിലെ മേജര്‍ സോക്കര്‍ ലീഗ് ഫുട്ബോളിന്റെ 29-ാം പതിപ്പിന് വ്യാഴാഴ്ച കിക്കോഫ്

ന്യൂയോര്‍ക്ക്: യു.എസിലെ മേജര്‍ സോക്കര്‍ ലീഗ് ഫുട്ബോളിന്റെ 29-ാം പതിപ്പിന് വ്യാഴാഴ്ച കിക്കോഫ്. ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിയിലേക്കുള്ള വരവോടെ വമ്പന്‍മാറ്റങ്ങള്‍ക്ക് വിധേയമായ എം.എല്‍.എസ്. സീസണിനാണ് തുടക്കമാകുന്നത്. ഉദ്ഘാനമത്സരത്തില്‍ ലയണല്‍ മെസ്സി നയിക്കുന്ന ഇന്റര്‍ മയാമി മുന്‍ ജേതാക്കളായ റയല്‍ സാള്‍ട്ട്ലേക്കിനെ നേരിടും. രാവിലെ 6.30-നാണ് മത്സരം.

സൂപ്പര്‍താരത്തിന് പിന്നാലെ ബാഴ്സ സഹതാരങ്ങളായ സെര്‍ജി ബുസ്‌കെറ്റ്സ്, ജോര്‍ഡ് ആല്‍ബ, ലൂയി സുവാരസ് തുടങ്ങിയവരും ക്ലബ്ബിലെത്തി. എം.എല്‍.എസില്‍ തുടര്‍ച്ചയായി തോറ്റുകൊണ്ടിരുന്ന മയാമിയെ വിജയവഴിയിലെത്തിക്കാന്‍ മെസ്സിക്ക് സാധിച്ചു. ഇതിനിടെ ലീഗ്സ് കപ്പില്‍ ആദ്യമായി മയാമി കിരീടം സ്വന്തമാക്കി. ഈയിടെ, ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ മെസ്സി മയാമിയിലേക്ക് ക്ഷണിച്ചിരുന്നു. നെയ്മര്‍കൂടിയെത്തിയാല്‍ ബാഴ്സയിലെ പഴയ എം.എസ്.എന്‍. ത്രയം (മെസ്സി-സുവാരസ്-നെയ്മര്‍) വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ലോകം.

2023 ജൂലായ് 15-നാണ് മെസ്സി ഇന്റര്‍ മയാമിയിലെത്തിയത്. ഫുട്ബോള്‍ ലോകകപ്പ് ജയിച്ച അര്‍ജന്റീനാ നായകന്റെ വരവ് യു.എസ്. ആഘോഷമാക്കി. മേജര്‍ ലീഗ് സോക്കറിന്റെയും ഇന്റര്‍ മയാമിയുടെയും വിപണിമൂല്യവും ടിക്കറ്റ് നിരക്കും കുതിച്ചുയര്‍ന്നു. ക്ലബ്ബ് ജേഴ്‌സിക്കായി ആരാധകര്‍ നെട്ടോട്ടമോടി.ഫുട്ബോള്‍ലോകം യു.എസിലേക്ക് ഉറ്റുനോക്കുന്ന വര്‍ഷങ്ങള്‍കൂടിയാണ് വരാനിരിക്കുന്നത് എന്നതിനാല്‍ എം.എല്‍.എസിന് പ്രാധാന്യമേറും. ഈവര്‍ഷത്തെ കോപ്പ അമേരിക്ക, 2025 ക്ലബ്ബ് ലോകകപ്പ്, 2026 ഫുട്ബോള്‍ ലോകകപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകള്‍ യു.എസിലാണ് നടക്കുന്നത്. മെസ്സിയുടെ സാന്നിധ്യം എം.എല്‍.എസിലുള്ളതും ശ്രദ്ധയാകര്‍ഷിക്കും.

Top