ആശയവിനിമയ രംഗത്ത് പുത്തന്‍ അധ്യായം കുറിച്ച എസ്എംഎസിനു 25 വയസ്

മൊബൈല്‍ ഫോണുകളുടെ ആരംഭം മുതല്‍തന്നെ പുത്തന്‍ സേവനങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്ന ടെലികോം കമ്പനികള്‍ എസ്എംഎസ് ഓഫറുകള്‍ നടപ്പിലാക്കികൊണ്ടാണ് ആശയവിനിമയ രംഗത്ത് പുതിയ മാറ്റം സൃഷ്ടിച്ചത്.

അതേസമയം ഇപ്പോള്‍ ആശയ വിനിമയ രംഗം ഫെയ്‌സബുക്ക്, വാട്ട്‌സാപ്പ് പോലെയുള്ള മെസ്സെന്‍ജറുകള്‍ കയ്യടക്കിയിരിക്കുകയാണ്.എന്നാല്‍ ഇപ്പോഴും എസ്എംഎസ് സര്‍വീസുകള്‍ ഉപയോഗിക്കുന്നവരും ഉണ്ട്.

ആശയവിനിമയ രംഗത്ത് സാങ്കേതിക വിദ്യയിലൂടെ പുതിയ അധ്യായം കുറിച്ച ഷോര്‍ട്ട് മെസേജ് സര്‍വ്വീസിനു 25 വയസ് തികഞ്ഞിരിക്കുന്നു.

1992 ഡിസംബര്‍ രണ്ടിനാണ് ചരിത്രത്തിലെ ആദ്യ എസ്എംഎസ് അയക്കുന്നത്. ‘Merry Christmas’ എന്നാതായിരുന്നു ആദ്യ സന്ദേശം.

നീല്‍ പാപ് വൊര്‍ത്ത് എന്ന 22 കാരനായ എഞ്ചിനീയറാണ് ആദ്യ എസ്എംഎസ് അയച്ചത്. കംപ്യൂട്ടര്‍ വഴി അയച്ച ആദ്യ എസ്എംഎസ് ലഭിച്ചത് വോഡാഫോണ്‍ ഡയറക്ടറായ റിച്ചാര്‍ജ് ജാര്‍വിസിനാണ്.

1993ലാണ് നോക്കിയ മൊബൈല്‍ ഫോണുകളിലേക്ക് എസ്എംഎസ് അയക്കാനുള്ള ഫീച്ചര്‍ അവതരിപ്പിക്കുന്നത്. 160 അക്ഷരങ്ങളാണ് എസ്എംഎസില്‍ ടൈപ്പ് ചെയ്യാന്‍ സാധിക്കുക. മൊബൈല്‍ ഫോണുകള്‍ക്ക് ആഗോള തലത്തില്‍ പ്രചാരം ലഭിച്ചതോടെ എസ്എംഎസിനും ആരാധകര്‍ കൂടി.

‘1992ല്‍ ടെക്സ്റ്റിങ് എത്രത്തോളം ജനപ്രിയമാകുമെന്ന് യാതൊരു ധാരണയും എനിക്ക് ഉണ്ടായിരുന്നില്ല. അത് ആയിരക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന ഇമോജികള്‍ക്കും മെസേജിങ് ആപ്പുകള്‍ക്കും തുടക്കമിടുമെന്നും കരുതിയില്ല. ആദ്യ ടെക്സ്റ്റ് സന്ദേശം അയച്ചത് ഞാനാണെന്ന് അടുത്തിടെ മാത്രമാണ് ഞാന്‍ എന്റെ മക്കളോട് പറഞ്ഞത്. ‘ നീല്‍ പാപ്‌വൊര്‍ത്ത് പറയുന്നു.

വാട്‌സ്ആപ്പ്, ഐ മെസേജ് സംവിധാനങ്ങള്‍ രംഗ പ്രവേശം ചെയ്യുന്നതുവരെ എസ്എംഎസ് ജനപ്രീതി നിലനിര്‍ത്തുകയും ചെയ്തു.

Top