2021 ലെ സീറോ ബഫർസോൺ ഭൂപടം ഉടൻ പുറത്തുവിടുമെന്ന് സർക്കാർ

തിരുവനന്തപുരം: ബഫർസോണിൽ പരാതികൾ അറിയിക്കാൻ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സർക്കാർ. റവന്യൂ-തദ്ദേശ വകുപ്പുകൾ ഇന്നു വിളിച്ചു ചേർത്ത പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് നിർദേശം മുന്നോട്ടുവെച്ചത്. 2021 ൽ കേന്ദ്രത്തിന് നൽകിയ സീറോ ബഫർസോൺ ഭൂപടം സർക്കാർ ഉടൻ പുറത്തു വിടും.

2021 ൽ കേന്ദ്ര വനംമന്ത്രാലയത്തിനാണ് കേരളം സീറോ ബഫർസോൺ ഭൂപടം സമർപ്പിച്ചത്. ബഫർസോണിന്റെ പരിധിയിൽ ജനവാസ മേഖലയുണ്ടെങ്കിൽ അത് കരുതൽ മേഖലയിൽ നിന്നും ഒഴിവാക്കിക്കൊണ്ടുള്ള ഭൂപടമാണിത്. അതേസമയം കാടുകൾ ബഫർ സോണുകളായി നിലനിർത്തിയിട്ടുമുണ്ട്. ഈ ഭൂപടം പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കാനാണ് തീരുമാനം.

ബഫർസോൺ ഉപഗ്രഹസർവേ റിപ്പോർട്ടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിച്ചത്. 2021ലെ സീറോ ബഫർസോൺ ഭൂപടം പഞ്ചായത്തുകൾക്ക് ലഭ്യമാക്കും. ഇതിൽ വിട്ടുപോയ നിർമിതികൾ കൂട്ടിച്ചേർക്കണമെന്നും നടപടികൾ വേഗത്തിലാക്കണമെന്നും നിർദേശം നൽകി.

ഈ ഭൂപടത്തിന്റെ അടിസ്ഥാനത്തിൽ പരാതികൾ നൽകാം. വാർഡ് അംഗവും വില്ലേജ് ഓഫിസറും വനംവകുപ്പ് ഉദ്യോഗസ്ഥനും ചേർന്ന് പരിശോധനകൾ നടത്തണം. പഞ്ചായത്ത് തലത്തിൽ ഹെൽപ് ഡെസ്‌ക് ക്രമീകരിക്കണമെന്നും സർവകക്ഷി യോഗം വിളിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Top