കോണ്‍ഗ്രസ്സിന്റേത് ‘ചരിത്രപരമായ’ വിഡ്ഢിത്തരം, അക്കാര്യത്തില്‍ സംശയമില്ല

ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുമ്പോള്‍ കേരളത്തിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ ഒഴിവിലെ രാജ്യസഭാ സീറ്റ് മുസ്ലിം ലീഗിലെ പി.വി അബ്ദുല്‍വഹാബിന് നല്‍കി ലീഗിനു മുന്നില്‍ നട്ടെല്ല് പണയം വെച്ചിരിക്കുന്നതിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വമാണ്. യു.ഡി.എഫില്‍ വയലാര്‍ രവി, പി.വി അബ്ദുല്‍വഹാബ്, സി.പി.എമ്മിലെ കെ.കെ രാഗേഷ് എന്നിവരുടെ ഒഴിവിലേക്ക് ഒരു സീറ്റ് വിജയിക്കാനുള്ള കക്ഷിനിലയാണ് യു.ഡി.എഫിനുള്ളത്. യു.ഡി.എഫിലെ ഒന്നാം കക്ഷിയായ കോണ്‍ഗ്രസിനാണ് മുതിര്‍ന്ന നേതാവ് വയലാര്‍ രവിയുടെ ഒഴിവില്‍ രാജ്യസഭാ സീറ്റിന് അര്‍ഹത ഉണ്ടായിരുന്നത്.

രണ്ട് രാജ്യസഭാ സീറ്റിന് അര്‍ഹതയുള്ള ഇടതുപക്ഷത്ത് രണ്ടു സീറ്റുകളും സി.പി.എമ്മാണ് എടുത്തിരിക്കുന്നത്. എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി.ശിവദാസന്‍, കൈരളി ചാനല്‍ എം.ഡി ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് സി.പി.എമ്മിനെ പ്രതിനിധീകരിച്ച് ഇനി രാജ്യസഭയിലെത്തുക. പാര്‍ലമെന്റില്‍ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ശക്തരായവരെ അയക്കണമെന്ന രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു സി.പി.എമ്മിന്റെ ഈ തീരുമാനം. അതേസമയം രാജ്യസഭാ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് അടക്കം പല പ്രമുഖ നേതാക്കളും സീറ്റ് ലഭിക്കാതെ പുറത്തുനിക്കുമ്പോഴാണ് കോണ്‍ഗ്രസ്സ് രാജ്യസഭാ സീറ്റ് ലീഗിന് അടിയറവെച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വലിയ പങ്കാണുള്ളത്.

രാജ്യസഭാ സീറ്റ് സംബന്ധമായി ചര്‍ച്ച നടത്താന്‍ രാഷ്ട്രീയകാര്യ സമിതിയോ കെ.പി.സി.സി നേതൃയോഗമോ മുല്ലപ്പള്ളി വിളിച്ചു ചേര്‍ത്തിരുന്നില്ല. യു.ഡി.എഫ് യോഗവും ഇതിനായി ചേര്‍ന്നിരുന്നില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കൂടിയാലോചന നടത്തിയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാനുള്ള തീരുമാനമെടുത്തിരുന്നത്. എ.ഐ.സി.സിയുടെ സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പോലും കേരളത്തില്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ നിന്നാണ് നിലവില്‍ രാജ്യസഭയിലേക്കെത്തിയിട്ടുള്ളത്. ഇക്കാര്യം ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. യു.ഡി.എഫില്‍ ഒറ്റ രാജ്യസഭാ സീറ്റിന് അവസരം ലഭിക്കുമ്പോള്‍ അത് കോണ്‍ഗ്രസ് എടുക്കുന്നതാണ് കീഴവഴക്കം.

2010ല്‍ എ.കെ ആന്റണിയുടെയും പി.വി അബ്ദുല്‍വഹാബിന്റെയും രാജ്യസഭാ കാലാവധി ഒന്നിച്ചവസാനിച്ചപ്പോള്‍ ഒരാളെ വിജയിപ്പിക്കാനുള്ള കക്ഷിബലമേ യു.ഡി.എഫിനുണ്ടായിരുന്നുള്ളൂ. അന്ന് എ.കെ ആന്റണിക്കാണ് രാജ്യസഭാ സീറ്റ് നല്‍കിയിരുന്നത്. കേരളത്തില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജമായ കെ.എസ്.യുവിന്റെ സ്ഥാപകന്‍ കൂടിയാണ് വയലാര്‍ രവി. കോണ്‍ഗ്രസില്‍ എ.കെ ആന്റണിയേക്കാള്‍ സീനിയറായ നേതാവും വയലാര്‍ രവി തന്നെയാണ്. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ എ.കെ ആന്റണിയെ പരാജയപ്പെടുത്തിയാണ് വയലാര്‍ രവി കെ.പി.സി.സി പ്രസിഡന്റായിരുന്നത്. സംസ്ഥാന ആഭ്യന്തരമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന വയലാര്‍ രവി കോണ്‍ഗ്രസില്‍ ഇടതുപക്ഷ സോഷ്യലിസ്റ്റ് നിലപാട് ഉയര്‍ത്തിപ്പിടിച്ച നേതാവു കൂടിയാണ്.

മുന്‍ കെ.പി.സി.സി പ്രസിഡന്റു കൂടിയായ വയലാര്‍ജിയുടെ ഒഴിവിലെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് പറയാനുള്ള ആര്‍ജ്ജവം പോലും ഇവിടെ മുല്ലപ്പള്ളി രാമചന്ദ്രനുണ്ടായില്ലെന്നത് അമ്പരപ്പിക്കുന്ന കാര്യമാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ ഇക്കാര്യം അറിയിച്ചിരുന്നെങ്കില്‍ ലീഗിനെ അനുനയിപ്പിച്ച് രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമായിരുന്നു. എന്നാല്‍ അതിന് ആരും തന്നെ തയ്യാറായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വയലാര്‍ രവിയുടെ ഒഴിവില്‍ മറ്റ് ഏതെങ്കിലും നേതാക്കള പരിഗണിക്കാനുള്ള അവസരമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തുലച്ചിരിക്കുന്നത്. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുന്‍ രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് അടക്കം ഒരുപിടി നേതാക്കളാണ് രാജ്യസഭാ സീറ്റിന് അര്‍ഹരായി കോണ്‍ഗ്രസ്സിലുള്ളത്.

ഇവര്‍ക്കു പുറമെ പുതു തലമുറയില്‍പ്പെട്ട നേതാക്കളും നിരവധി ഉണ്ട്. ഇതൊന്നും പരിഗണിക്കാതെയുള്ള ഈ വിട്ടുവീഴ്ചയില്‍ കടുത്ത അമര്‍ഷമാണ് കോണ്‍ഗ്രസ്സിനുള്ളില്‍ പുകയുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പ് തന്നെ ഇങ്ങനെ ലീഗിനു മുന്നില്‍ തല കുനിച്ചെങ്കില്‍ ഫലം വന്നു കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ എന്നതും കണ്ടറിയേണ്ട കാര്യം തന്നെയാണ്. ഭരണം കിട്ടിയാല്‍ ലീഗ് നിയന്ത്രിക്കുന്ന ഒരു സര്‍ക്കാര്‍ അതല്ലെങ്കില്‍ ലീഗ് നിയന്ത്രിക്കുന്ന ഒരു പ്രതിപക്ഷം ഈ രണ്ടില്‍ ഒന്നാകും നടക്കുകയെന്നാണ് രാഷ്ട്രിയ നിരീക്ഷകരും ഇപ്പോള്‍ സംശയിക്കുന്നത്. കോണ്‍ഗ്രസ്സ് ദുര്‍ബലമായാല്‍ ലീഗാണ് മുന്നണിയില്‍ ആധിപത്യം പുലര്‍ത്താന്‍ പോകുന്നത്. അക്കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പോലും തര്‍ക്കമുണ്ടാകാനും സാധ്യതയില്ല.

മൂന്നാം ടേം രാജ്യസഭാംഗമാകുന്ന പി.വി അബ്ദുല്‍വഹാബിന് രാജ്യസഭയില്‍ മോശം ട്രാക്ക് റെക്കോര്‍ഡാണ് നിലവിലുള്ളത്. ലോകസഭ തിരഞ്ഞെടുപ്പില്‍ വഹാബ് മത്സരിച്ചാല്‍ ആ സീറ്റ് തന്നെ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് ലീഗ് രാജ്യസഭയിലേക്ക് അദ്ദേഹത്തെ അയക്കുന്നത്. ഹൈദരബാദില്‍ നിന്നുള്ള ആള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍ പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ നാലയലത്ത് എത്തുന്ന ഒരു എം.പിയും മുസ്ലീം ലീഗിന് പാര്‍ലമെന്റിലില്ല. ഈ അവസ്ഥയില്‍ വഹാബിന്റെ കാര്യം പ്രത്യേകം പരിശോധിക്കേണ്ട കാര്യവുമില്ല. മുത്തലാഖ് ബില്‍ ചര്‍ച്ചാവേളയില്‍ രാജ്യസഭയിലെത്താത്ത ലീഗ് പ്രതിനിധി കൂടിയാണ് വഹാബ്. ഇക്കാര്യത്തില്‍ ലീഗ് അണികളില്‍ ഇപ്പോഴും കടുത്ത രോഷം നിലനില്‍ക്കുന്നുമുണ്ട്.

ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകണമെന്ന് പി.വി അബ്ദുല്‍വഹാബിനോട് തുറന്നടിച്ചത് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീന്‍ അലി ശിഹാബ് തങ്ങളാണ്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയീന്‍ അലി ശിഹാബ് തങ്ങളുടെ ഈ പ്രതികരണം യൂത്ത് ലീഗ് അണികളും പിന്നീട് ഏറ്റെടുക്കുകയുണ്ടായി. ഇതോടെ ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് തന്നെ വഹാബിനോട് വിശദീകരണം തേടേണ്ട സാഹചര്യവും ഉണ്ടായി. ‘ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് മുത്തലാഖ് ചര്‍ച്ചാ സമയത്ത് ഹാജരാകാന്‍ കഴിയാതിരുന്നതെന്നായിരുന്നു ‘ വഹാബ് നല്‍കിയിരുന്ന വിശദീകരണം. ഈ വിശദീകരണത്തോടെ ലീഗ് വിവാദം അവസാനിപ്പിച്ചെങ്കിലും സമസ്ത അടക്കമുള്ള സമുദായ സംഘടനകള്‍ക്ക് ഈ വിശദീകരണം അത്ര തൃപ്തികരമായിരുന്നില്ല.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വഹാബും കുഞ്ഞാലിക്കുട്ടിയും വോട്ടു ചെയ്യാതിരുന്നതും മുന്‍പ് ഏറെ വിവാദമുയര്‍ത്തിയ സംഭവമാണ്. കോണ്‍ഗ്രസും ഇടതുപക്ഷവുമടക്കമുള്ള പ്രതിപക്ഷം പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തി വിപ്പനുസരിച്ച് തെരഞ്ഞെടുപ്പിന്റെ തലേദിവസം തന്നെ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യാന്‍ എം.പിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയപ്പോള്‍ തെരഞ്ഞെടുപ്പ് ദിവസം വിമാനം വൈകിയെന്ന ന്യായം പറഞ്ഞാണ് വഹാബും കുഞ്ഞാലിക്കുട്ടിയും വിട്ടു നിന്നിരുന്നത്. ഇരുവരും നരേന്ദ്രമോഡിയെയും അമിത് ഷായെയും പിണക്കാതിരിക്കാന്‍ ഒത്തുകളിച്ചുവെന്ന പരാതി അന്നു തന്നെ കോണ്‍ഗ്രസ് നേതൃത്വത്തിലും പ്രകടമായിരുന്നു. എന്നാല്‍ ഇതും ചായകോപ്പയിലെ കൊടുങ്കാറ്റായാണ് അവസാനിച്ചിരുന്നത്.

വ്യവസായിയായ വഹാബിനെ രണ്ടാമതും രാജ്യസഭയിലേക്കയക്കാനുള്ള തീരുമാനത്തിനെതിരെ 2015ല്‍ തന്നെ വലിയ കലാപക്കൊടിയാണ് ലീഗില്‍ ഉയര്‍ന്നിരുന്നത്. വഹാബിനെതിരെ കെ.പി.എ മജീദിനെയാണ് അന്ന് കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ ഉയര്‍ത്തികാട്ടിയിരുന്നത്. സേവനപാരമ്പര്യവും അച്ചടക്കവുമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നല്‍കേണ്ട പദവി ഒരു മുതലാളിക്ക് നല്‍കരുതെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിലും കുറിച്ചിരുന്നു. ഇതും വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരുന്നത്. രാജ്യസഭാ സീറ്റു നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണി ഉയര്‍ന്നതോടെ ഇവിടെയും ലീഗ് നേതൃത്വം മുട്ടുമടക്കി. അതോടെ രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് വഹാബിന് സ്വന്തമാവുകയാണുണ്ടായത്.

മുന്‍പ് കൈരളി ചാനലിന്റെ ഡയറക്ടറായിരുന്ന വഹാബിനെ ലീഗ് നേതൃത്വം ഇടപെട്ടാണ് രാജിവയ്പ്പിച്ചിരുന്നത്. പിന്നീട് ലീഗ് മുഖ പത്രമായ ചന്ദ്രികക്കു വേണ്ടിയായിരുന്നു വഹാബ് ഇടപെടലുകള്‍ നടത്തിയിരുന്നത്. മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധുനിയമന വിവാദത്തില്‍ യൂത്ത് ലീഗ് പ്രക്ഷോഭം നടത്തിയപ്പോഴും ജലീലിനെ ബഹിഷ്‌കരിക്കാന്‍ ലീഗ് തീരുമാനിച്ചപ്പോഴും വഹാബ് അതില്‍ നിന്നും തന്ത്രപരമായാണ് വിട്ടുനിന്നിരുന്നത്. ബഹിഷ്‌ക്കരണം തള്ളി ജലീലിനൊപ്പം വഹാബ് വേദി പങ്കിടുകയും ചെയ്തിരുന്നു. ഭരണപക്ഷത്തെ പിണക്കാക്കിരിക്കാനുള്ള ഒരു ബിസിനസ്സുകാരന്റെ തന്ത്രമാണ് ഇവിടെയും വഹാബ് പ്രകടമാക്കിയിരുന്നത്. വഹാബിന്റെ തട്ടകമായ നിലമ്പൂരില്‍ പി.വി അന്‍വര്‍ എം.എല്‍.എയുമായും സമാന നിലപാടായിരുന്നു വഹാബ് സ്വീകരിച്ചിരുന്നത്.

അന്‍വറിനെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം അന്‍വറുമായി വേദി പങ്കിട്ടാണ് വഹാബ് പൊളിച്ചിരുന്നത്. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പി.വി അന്‍വര്‍ മത്സരിച്ചപ്പോഴും പ്രചരണരംഗത്ത് വഹാബ് സജീവമായിരുന്നില്ല. മലപ്പുറത്ത് മുസ്ലിം ലീഗ് സ്വന്തം നിലക്ക് പ്രളയ പുനരധിവാസ പ്രവര്‍ത്തനം നടത്തുമ്പോള്‍ നിലമ്പൂരില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ‘റീബില്‍ഡ് നിലമ്പൂരിന്റെ’ രക്ഷാധികാരിയായി അന്‍വറുമായി ചേര്‍ന്നായിരുന്നു വഹാബിന്റെ പ്രവര്‍ത്തനം. കവളപ്പാറ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ലീഗ് എം.എല്‍.എമാരെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതും ഏറെ വിവാദമായിരുന്നു. പ്രതിഷേധവുമായി ലീഗ് എം.എല്‍.എമാര്‍ രംഗത്തെത്തിയെങ്കിലും വഹാബ് ഇവരെയും പിന്തുണച്ചിരുന്നില്ല.

കവളപ്പാറയില്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനെ കളിയാക്കി പിണറായി സര്‍ക്കാരിനെ പുകഴ്ത്തി വഹാബ് നടത്തിയ പ്രസംഗവും വലിയ വിവാദമാണ് ലീഗില്‍ സൃഷ്ടിച്ചിരുന്നത്. ഇതിനെതിരെ കെ.പി.എ മജീദ് മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒടുവില്‍ വഹാബിന് മാപ്പ് പറയേണ്ട അവസ്ഥയുമുണ്ടായി. ഇതൊക്കെയാണ് ഈ വ്യവസായിയുടെ പൊടിക്കൈകള്‍. ഇടതുപക്ഷത്തെ സംബന്ധിച്ച് അവര്‍ ഒരിക്കലും വഹാബിനെ അടുപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ലീഗിലെ ഭിന്നതയെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ മാത്രമാണ് ശ്രമിച്ചിരിക്കുന്നത്. അതില്‍ ഒരു പരിധിവരെ ഇടതുപക്ഷം വിജയിച്ചിട്ടുമുണ്ട്. വഹാബിനെ ചുമക്കേണ്ടി വരുന്നത് ലീഗിന്റെ ഗതികേടായാണ് ഇടതു നേതാക്കള്‍ വിലയിരുത്തുന്നത്.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയാകാനായിരുന്നു വഹാബ് താല്‍പര്യപ്പെട്ടിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടി മന്ത്രി സ്ഥാനം രാജിവെച്ച് മത്സരിക്കാനിറങ്ങിയതോടെ വഹാബിന്റെ ആ സ്വപ്നവും അസ്തമിച്ചു. ഭരണം കിട്ടാത്ത അവസ്ഥയും ഉറച്ച കോട്ടയില്‍ പോലും മത്സരിച്ചാല്‍ കാലുവാരുമെന്ന ഭയവും പിന്‍മാറാന്‍ വഹാബിനെ പ്രേരിപ്പിച്ച മറ്റു ഘടകങ്ങളാണ്. ഇതോടെ വഹാബിന് രാജ്യസഭ സീറ്റ് നല്‍കാന്‍ ലീഗും തീരുമാനിക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലില്‍ മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമാണ് കോണ്‍ഗ്രസിന്റെ ആത്മാഭിമാനം പണയം വെച്ച ഈ തീരുമാനത്തിന് ശക്തമായ പിന്തുണ നല്‍കിയിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ പുകയുന്ന രോക്ഷം നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തോടെ വലിയ പൊട്ടിത്തെറിയില്‍ കലാശിക്കാനാണ് സാധ്യത.

 

Top