ഗവർണർ പ്രായത്തിന്റെ പക്വതയോ പദവിയുടെ അന്തസ്സോ കാണിക്കണം ; എം.ബി രാജേഷ്

തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്തുണച്ച് മന്ത്രിമാര്‍. കരിങ്കൊടി കാട്ടല്‍ ജനാധിപത്യപരമായ പ്രതിഷേധമെന്ന് മന്ത്രി എം.ബി രാജേഷ്. സ്വാഭാവിക പ്രതിഷേധം മാത്രമെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു.

നേരത്തെ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമാണ് ഗവര്‍ണര്‍ നടത്തിയത്. പൊലീസിന്റെ ഒത്താശയോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നും ഗവര്‍ണര്‍ ആരോപിച്ചു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത പൊലീസ് പക്ഷേ ഗവര്‍ണറെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകളാണ് ആദ്യം ചുമത്തിയത്.രാജ്ഭവനിലെ സമ്മര്‍ദ്ദം മൂലമാണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ് തയ്യാറായത്. കരിങ്കൊടി പ്രതിഷേധത്തില്‍ ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രത്തെ വിഷയം അറിയിക്കാനാണ് രാജഭവന്റെ തീരുമാനം.

നവ കേരള സദസിനെതിരെ യുഡിഎഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധത്തെ തള്ളിപ്പറഞ്ഞ എല്‍ഡിഎഫ്, ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ നടത്തിയ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിക്കുകയാണ്.ക്രമസമാധാന പ്രശ്‌നമുണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ഗവര്‍ണര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

Top